തിരുവനന്തപുരം: പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താൻ മാർഗനിർദേശങ്ങളുമായി പുതിയ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ ആദ്യ ഉത്തരവ്. ഔദ്യോഗിക നമ്പരുകളിലേക്ക് ജനങ്ങൾ വിളിച്ചാൽ പോലീസുകാർ ഫോൺ എടുക്കണമന്ന് കർശന നിർദേശം. പെരുമാറ്റത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിക്കും നിർദേശം. സ്‌റ്റേഷനുകളിൽ സി.സി. ടി.വി ക്യാമറകൾ നിർബന്ധമാക്കി. പോലീസുകാരെ മര്യാദയും നല്ല പെരുമാറ്റവും പഠിപ്പിച്ചുകൊണ്ട് തുടങ്ങാനാണ് പോലീസ് മേധാവി സ്ഥാനത്തെത്തിയ ദർവേഷ് സാഹിബിന്റെ ആദ്യ ശ്രമം.
അതിനായി സഹപ്രവർത്തകർക്ക് അയച്ച ആദ്യ സർക്കുലറിൽ മാർഗനിരദേശങ്ങൾ തന്നെ പുറപ്പെടുവിച്ചു. പോലീസ് സ്‌റ്റേഷനിലെത്തുന്നവർക്ക് എങ്ങിനെ മികച്ച സേവനം നൽകാമെന്നാണ് സർക്കുലറിന്റെ ആദ്യ ഭാഗത്ത് പറയുന്നത്. സ്‌റ്റേഷനിലെത്തുന്നവരെ കാത്തിരുത്തി മുഷിപ്പിക്കാതെ അവരുടെ ആവശ്യം ചോദിച്ചറിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കാൻ പി.ആർ. ഒമാരെ നിയോഗിക്കണം. പരാതി സ്വീകരിച്ചാലുടൻ രസീത് നൽകണം. ഗൗരവമുള്ള പരാതിയാണങ്കിൽ ഉടൻ കേസെടുക്കണം. എഫ്.ഐ.ആറിന്റെ പകർപ്പ് പരാതിക്കാരന് നൽകുന്നത് മുതൽ അറസ്റ്റും കുറ്റപത്രം സമർപ്പിക്കലും പോലുള്ള നിർണായക നടപടികളെല്ലാം പരാതിക്കാരനെ അറിയിക്കണമെന്നും ഡി.ജി.പി. നിർദേശിക്കുന്നു.
സർക്കുലറിന്റെ രണ്ടാം ഭാഗം ഫോൺ വിളിക്കുന്നവരോടുള്ള പെരുമാറ്റമാണ്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിലല്ലാതെ ഏത് സമയത്ത് വിളിച്ചാലും ഫോൺ എടുക്കണം. മാന്യമായി സംസാരിച് ആവശ്യമായ സഹായം ചെയ്യണമെന്നും പറയുന്നു. ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നതിന്റെയും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെയും ഉത്തരവാദിത്തം ജില്ലാ പോലീസ മേധാവി മാർക്ക് നൽകി. പെരുമാറ്റം നന്നാക്കാനുളള മുൻകാല ഉത്തരവുകൾ പൂർണവിജയമാകാത്തതിനാലാണ് വീണ്ടും പറയുന്നതെന്നും ദർവേഷ് സാഹിബ് ഓർമിപ്പിക്കുന്നു