മാവേലിക്കര : തെക്കേക്കരയില്‍ വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ സംസ്കരിക്കാനായി എടുക്കുവാന്‍ തുടങ്ങിയ വയോധികയുടെ മൃതദേഹം പോലീസ് പിടിച്ചെടുത്തു. ചെറുകുന്നം ലക്ഷംവീട് കോളനിയില്‍ കന്നിമേല്‍ പറമ്ബില്‍പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചിന്നമ്മ (80) ന്റെ മൃതദേഹമാണ് കുറത്തികാട് പോലീസ് പിടിച്ചെടുത്തത്.
പ്രാഥമിക മൃതദേഹ പരിശോധനയില്‍ ചില ചതവ് പാടുകളും മറ്റും കണ്ടെത്തിയത് സംശയം ഉയര്‍ത്തുന്നതായും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും പോലീസ് പറയുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ചിന്നമ്മ മരണമടഞ്ഞത്.
തുടര്‍ന്ന് പഞ്ചായത്ത് അംഗം ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടു. ഇതിനു ശേഷം രാത്രി ഒന്‍പത് മണിയോടെ സംസ്കാരത്തിനായി എടുക്കാന്‍ തുടങ്ങവെ കുറത്തികാട് സി. ഐയുടെ നേതൃത്വത്തിലുളള പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൃതദേഹം ഏറ്റെടുക്കുകയുമായിരുന്നു.
മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഇടപ്പോണുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു എന്നും പോലീസ് അറിയിച്ചു. മകനായ സന്തോഷിന്‍റെ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകനും താമസം