തിരുവനന്തപുരം : പോലീസിലെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്നു വെടിയുണ്ടകളുടെ കണക്കെടുക്കും. ഇതിനു മുന്നോടിയായി ചീഫ് സ്റ്റോറില്‍ നിന്ന് വെടിയുണ്ടകളുടെ സ്റ്റോക്ക് രജിസ്റ്റര്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശേഖരിച്ചു. ഇന്‍സാസ് തോക്കുകള്‍ പരിശോധിച്ച പോലെ വെടിയുണ്ടകളും പരിശോധിക്കാനാണു തീരുമാനം. വെടിയുണ്ടകള്‍ ഹാജരാക്കാന്‍ എസ്എപി അധികൃതര്‍ക്കും ക്രൈംബ്രാഞ്ച് നിര്‍ദേശം നല്കി.
വിവിധ എആര്‍ക്യാമ്പുകളിലും ബറ്റാലിയിനുകളിലും പരിശീലനത്തിനായി നല്‍കിയിരുന്ന വെടിയുണ്ടകള്‍ എസ്എപി ക്യാമ്പില്‍ തിരികെയെത്തിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ സാനിധ്യത്തില്‍ 11 മണിക്ക് എസ്എപി ക്യാമ്പിലാണ് പരിശോധന. സിഎജി റിപ്പോര്‍ട്ടിലും ആഭ്യന്തര കണക്കെടുപ്പിലും വെടിയുണ്ടകളുടെ എണ്ണത്തില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വിശദമായിത്തന്നെ പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. പോലീസിന്റെ കൈവശമുള്ള രണ്ടുലക്ഷത്തോളം വരുന്ന വെടിയുണ്ടകള്‍ പരിശോധിക്കുമെന്നാണ് വിവരം.
ഇന്‍സാസ്, എസ്എല്‍ആര്‍, 303, എകെ-47 തോക്കുകളില്‍ ഉപയോഗിക്കുന്ന ഉണ്ടകള്‍ പരിശോധിക്കും. വ്യാജ കാട്രിജുകള്‍ കൂടുതലായി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. സംസ്ഥാന പോലീസില്‍ നിന്ന് 12061 ഉണ്ടകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതേത്തുടര്‍ന്ന് എസ്എപി ക്യാമ്പില്‍ നടത്തിയ പരിശോധനയില്‍ വ്യാജ കാട്രിജും വെടിയുണ്ടകളുടെ ഒഴിഞ്ഞ കവര്‍ ഉരുക്കി നിര്‍മിച്ച രണ്ടര കിലോ തൂക്കംവരുന്ന എസ്എപിയുടെ ലോഗോയും കണ്ടെത്തി. തുടര്‍ന്ന് കേസിലെ 11 പ്രതികളില്‍ ഒരാളായ ആംഡ് പോലീസ് എസ്ഐയെ അറസ്റ്റും ചെയ്തിരുന്നു. ക്യാമ്പില്‍ നേരത്തേ പ്രവര്‍ത്തിച്ച ഏഴ് ഇന്‍സ്പെക്ടര്‍മാരും അസിസ്റ്റന്റ് കമാന്‍ഡന്റും അടക്കം നിരവധി ഉദ്യോഗസ്ഥര്ക്കെതിരേ വരും ദിവസങ്ങളില്‍ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.