ചെന്നൈ: മസ്ജിദിന് മുന്നില്‍ നിന്നും വോട്ട് ചോദിച്ചതിന് തൗസന്റ് ലൈറ്റ്സ് ബിജെപി സ്ഥാനാര്‍ത്ഥി ഖുശ്‌ബുവിനെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് കേസ്. ആരാധനാലയങ്ങള്‍ക്ക് 100 മീറ്റര്‍ ചുറ്റളവില്‍ തെരഞ്ഞെടുപ്പ് പ്രചാരണമോ വോട്ട് ചോദിക്കലോ പാടില്ലെന്ന ചട്ടം ലംഘിച്ചതിനാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
ഖുശ്‌ബു ചേപ്പോക്കില്‍ നിന്ന് മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ബിജെപിക്ക് നല്‍കുമെന്ന് എഐഡിഎംകെ പറഞ്ഞിരുന്ന മണ്ഡലങ്ങളില്‍ ചിലത് പിഎംകെക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഖുശ്‌ബുവിന് ചേപ്പോക്ക് നഷ്ടമായത്. ചേപ്പോക്കിന് പുറമെ തിരുവല്ലികേനി, മൈലാപൂര്‍, രാജപാളയം എന്നീ മണ്ഡലങ്ങളും പിഎംകെക്ക് നല്‍കുകയായിരുന്നു.
ചേപ്പോക്കില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് മാസത്തോളം പ്രചരണവും നടത്തിയിരുന്നു. അതേസമയം പാര്‍ട്ടിയുടെ തീരുമാനത്തെ താന്‍ പിന്തുണയ്ക്കുമെന്നും ഖുശ്‌ബു ചേപ്പോക്ക് നഷ്ടമായതിനെ തുടര്‍ന്ന് പ്രതികരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളം നടത്തിയ പ്രചരണത്തിലൂടെ തനിക്ക് ചേപ്പോക്കിനെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ചേപ്പോക്കുമായി എനിക്കുള്ള ബന്ധം ജീവിതാവസാനം വരെ തുടരും.
പ്രചരണത്തിനിടയില്‍ ഒരിക്കല്‍ പോലും ഞാനാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിരുന്നില്ല. മറ്റൊരു പാര്‍ട്ടിയും എനിക്ക് ജനങ്ങളോട് ഇത്ര അടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയിട്ടില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ തീരുമാനം നല്ലതിനാണെന്നും ഖുശ്‌ബു വ്യക്തമാക്കിയിരുന്നു.