കുമരകം: കുറ്റ്യാടിയില്‍ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സ് കുമരകത്ത് നിന്ന് പോലീസ് പിടികൂടി. ലോക്ഡൗണിന്റെ ഭാഗമായി കവണാറ്റിന്‍ കരയില്‍ ഞായറാഴ്ച രാവിലെ പോലിസ് നടത്തിയ പരിശോധനയിലാണ് ബസ്സും മോഷ്ടാവും കുടുങ്ങിയത്.
സംഭവത്തില്‍ കൊയിലാണ്ടി ചെറുകൊല്ലി മിത്തല്‍ ബിനൂപ് (30) ആണ് പിടിയിലായത്. രണ്ട് ദിവസം മുമ്പാണ് തൊട്ടില്‍പാലം കൂടല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 ക്യു 1107 നമ്പര്‍ ബസ് കുറ്റ്യാടി സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്‌തത്. ഇന്ന് രാവിലെ പത്തരയോടെ ബസ് മാനേജരെ കുമരകം പോലീസ് ഫോണില്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ബസ് മോഷണം പോയത് മാനേജര്‍ പോലും അറിയുന്നത്. തുടര്‍ന്ന് ഇവര്‍ കുറ്റ്യാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൂന്ന് ജില്ലകള്‍ കടന്നെത്തിയ ബസ്സ് റാന്നിയില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ കയറ്റാന്‍ പോകുകയാണെന്നാണ് പറഞ്ഞത്. സംശയം തോന്നിയ പോലിസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ മോഷ്ടിച്ച് കൊണ്ടുവരുകയാണെന്ന് മനസ്സിലായി. കുമരകം ഇന്‍സ്പെക്ടര്‍ വി.സജികുമാര്‍, എസ് ഐ.എസ് സുരേഷ്, സി പി ഒ മാരായ അനീഷ്, ബാഷ് എന്നിവര്‍ ചേര്‍ന്നാണ് ബസ്സ് പിടികൂടിയത്. നേരത്തെ ബാറ്ററി മോഷണമടക്കമുള്ള കേസുകളില്‍ പ്രതിയാണ് പിടിയിലായ ബിനൂപ്. പ്രതിയെ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസിന് കൈമാറും.