മൈസുരു : ലത്തീന്‍ സഭയുടെ ഭാഗമായ സെന്റ് റോസെല്ല മഠത്തിനെതിരായ സിസ്റ്റര്‍ എല്‍സീനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോണ്‍വെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. കന്യാസ്ത്രീയെ പ്രവേശിപ്പിച്ചിരുന്ന മൈസൂരു സെന്റ് മേരീസ് മാനസികാരോഗ്യ കേന്ദ്രത്തിലും പോലീസ് സംഘമെത്തി പരിശോധന നടത്തി. മഠത്തിലെ അഴിമതിക്കും അതിക്രമങ്ങള്‍ക്കും എതിരെ ശബ്ദിച്ച സിസ്റ്റര്‍ എല്‍സീനയെ ക്രൂരമായി മര്‍ദ്ദിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതില്‍ കൃത്യമായ തെളിവില്ലെന്ന നിലപാടായിരുന്നു മൈസൂരു പോലീസ് നേരത്തെ സ്വീകരിച്ചത്. മര്‍ദ്ദനമേറ്റതിന്റെ പാടുകളുമായി നേരിട്ട് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും തുടക്കത്തിൽ നടപടിയെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. സംഭവം വാര്‍ത്തയായതോടെയാണ് പോലീസ് തുടര്‍ നടപടി സ്വീകരിക്കാനാരംഭിച്ചത്.
സെന്റ് റോസെല്ലാ കോണ്‍വെന്‍റിനെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ എല്‍സീന പോലീസിന് നൽകിയ പരാതിയിൽ ഉന്നയിച്ചത്. കോണ്‍വെന്‍റിലെ അനീതി ചൂണ്ടികാട്ടിയതിന് ക്രൂരമായി മര്‍ദ്ദിച്ചെന്നും മാനസിക രോഗിയായി ചിത്രീകരിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നും സിസ്റ്റര്‍ ആരോപിച്ചു. നാല് ദിവസമാണ് മൈസൂരുവിലെ മാനസികാരോഗ്യ ആശുപത്രിയില്‍ കഴിയേണ്ടിവന്നത്. പുരുഷന്‍മാരെത്തി മഠത്തില്‍വച്ച് അക്രമിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റർ മേരി എല്‍സീന പറയുന്നു.
മഠത്തിലെ പുരോഹിതരുടെ സാന്നിദ്ധ്യവും മൂക ബധിര കൂട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ചോദ്യം ചെയ്തതിനുമാണ് തനിക്ക് നേരെയുള്ള ആക്രമണമെന്നാണ് എൽസീന പറയുന്നത്. എന്നാല്‍ സിസ്റ്റര്‍ എല്‍സീനയ്ക്ക് മാനസികപ്രശ്നമാണെന്നും ഇനി തിരിച്ചെടുക്കില്ലെന്നുമാണ് കോണ്‍വെന്‍റിന്‍റെ നിലപാട്. മഠത്തില്‍ ജോലിക്കെത്തിയ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ചുരിദാര്‍ ധരിച്ച് വീട്ടുകാര്‍ക്കൊപ്പം സഭയുടെ അനുമതിയില്ലാതെ സിസ്റ്റര്‍ എല്‍സീന പോയതാണെന്നുമാണ് മഠം അധികൃതരുടെ ആരോപണം.
സന്യാസവസ്ത്രവും മൊബൈലും ഉള്‍പ്പടെ ബലം പ്രയോഗിച്ച് മഠം അധികൃതര്‍ തിരിച്ചുവാങ്ങിയിരുന്നു. 25 വര്‍ഷമായി സഭാംഗമായിരുന്ന സിസ്റ്റര്‍ എല്‍സീന ഇന്ന് മൈസൂരുവില്‍ ബന്ധുവിന്‍റെ വസതിയിലാണ് കഴിയുന്നത്. കള്ളപ്രചാരണങ്ങളിലൂടെ മാനസികരോഗിയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമമെന്നും താൻ പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞാല്‍ തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി സിസ്റ്റര്‍ എല്‍സീന മഠത്തിന് മറുപടി നല്‍കിയിട്ടുണ്ട്.