പൊന്നാനി : ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലവ് ജിഹാദ്, ബീഫ് വിഷയങ്ങളില്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പോലീസില്‍ പരാതി. ശ്രീധരന്റെ പോലീസ് സ്റ്റേഷന്‍ പരിധിയായ പൊന്നാനിയില്‍ അഭിഭാഷകന്‍ അനൂപ് വിആര്‍ ആണ് പരാതി നല്‍കിയത്.
ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി വിവാഹം കഴിക്കുന്ന രീതിയില്‍ കേരളത്തില്‍ ലവ് ജിഹാദുണ്ട്, മാംസഭക്ഷണം കഴിക്കുന്നവരെ വെറുപ്പാണ് തുടങ്ങിയ പരാമര്‍ശങ്ങളിലാണ് പരാതി നല്‍കിയത്. പ്രസ്താവനകള്‍ സമൂഹത്തില്‍ മതസ്പര്‍ധയും, വെറുപ്പും പരത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
പ്രിവിലേജുകളുടെ ബലത്തില്‍ ചോദ്യം ചെയ്യപ്പെടാതെ വിലസാമെന്ന് ശ്രീധരന്‍ കരുതേണ്ടതില്ല എന്ന് അനൂപ് വിആര്‍ പറഞ്ഞു. ശ്രീധരനെ നിയമപരമായി നേരിടും. ശ്രീധരന്‍ നിയമത്തെ നേരിടട്ടെ- അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഹിന്ദുക്കള്‍ പോലും ബീഫ് കഴിക്കാറുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം എന്നതായിരുന്നു അവതാരകയുടെ ചോദ്യം. ‘വ്യക്തിപരമായി ഞാന്‍ വളരെ നിഷ്ഠയുള്ള സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ തീര്‍ച്ചയായും ഇഷ്ടമല്ല’ – എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ലവ്ജിഹാദിനെക്കുറിച്ച്, ‘ലവ് ജിഹാദ്, അതേ, കേരളത്തില്‍ സംഭവിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവര്‍ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കുക തന്നെ ചെയ്യും’ – എന്നാണ് അദ്ദേഹം പ്രതികരിച്ചത്.