ഉത്തർപ്രദേശ് : പലസ്തീന് ധനസഹായം തേടി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച യുപി പോലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍. ബറേലി സ്വദേശിയായ സുഹൈൽ അൻസാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ പോലീസിന്‍റെ ഡ്രോൺ നിരീക്ഷണ സംഘത്തിലും അന്‍സാരി ഉണ്ടായിരുന്നു. പലസ്തീനികളെ സഹായിക്കാൻ സംഭാവനകൾ ആവശ്യപ്പെട്ട് യുഎസ് ആസ്ഥാനമായുള്ള ഒരു ചാരിറ്റി സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഒരു റീപോസ്റ്റ് ഒരു യുഎസ് ഡോളറിന് തുല്യമാണ് എന്ന പോസ്റ്റ് കോൺസ്റ്റബിൾ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഷെയര്‍ ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ശനിയാഴ്ച അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ബറേലിയിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനെ തുടർന്ന് സിറ്റി പോലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലഖിംപൂർ ഖേരി അഡീഷണൽ എസ്.പി നയ്പാല്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. എന്നാല്‍ തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ പോസ്റ്റ് പങ്കുവച്ചതാണെന്നായിരുന്നു അന്‍സാരിയുടെ വിശദീകരണം.