ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ വാട്ട്സാപ്പ് സ്റ്റാറ്റസ് ഇട്ടതിനു പിന്നാലെ പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍. ചിക്കമംഗളൂരു ജില്ലയിൽ സേവനമനുഷ്ഠിക്കുന്ന ലത എന്ന പൊലീസുകാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. ആഗസ്ത് എട്ടിന് പോസ്റ്റ് ചെയ്ത വാട്‌സാപ്പ് സ്റ്റാറ്റസിൽ തന്‍റെ സ്ഥലംമാറ്റത്തില്‍ കടൂർ എം.എൽ.എ കെ.എസ് ആനന്ദ് ഇടപെട്ടുവെന്ന് ലത ആരോപിച്ചിരുന്നു. ആഗസ്ത് 11 ന് ചിക്കമംഗളൂരു എസ്.പി ഉമാ പ്രശാന്താണ് ലതയെ സസ്പെന്‍ഡ് ചെയ്തത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്തം ആനന്ദിനായിരിക്കുമെന്നുമായിരുന്നു ലതയുടെ സ്റ്റാറ്റസ്.
കടൂരിൽ നിന്ന് തരികെരെയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു ഈ ആരോപണം. എന്നാല്‍ ലതയുടെ സസ്പെൻഷന്‍റെ കാരണം വാട്‍സാപ്പ് സ്റ്റാറ്റസ് മാത്രമല്ലെന്നും വെളിപ്പെടുത്താത്ത മറ്റ് കാരണങ്ങളുണ്ടെന്നും ഉമ പ്രശാന്ത് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെൽമറ്റ് ധരിക്കാത്ത കോൺഗ്രസ് പ്രവർത്തകർക്ക് ലത പിഴ ചുമത്തിയെന്നാണ് റിപ്പോർട്ട്. തുടർന്ന് പ്രവർത്തകർ ഈ സംഭവം ആനന്ദിനെ അറിയിക്കുകയും ആനന്ദ് അവരെ സന്ദര്‍ശിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.