ചെറുവത്തൂര്‍ : ദേശീയപാത ഞാണങ്കൈ വളവില്‍ കഴിഞ്ഞ ദിവസം രാത്രി ചന്തേര പോലീസ് കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് 15,63,500 രൂപ കണ്ടെടുത്തു. ഡ്രൈവറുടെ സീറ്റിനടിയില്‍ പ്രത്യേകം നിര്‍മിച്ച രഹസ്യ അറയില്‍ നിന്നാണ് പണം കണ്ടെടുത്തത്. തൊട്ടടുത്ത സീറ്റിനടിയിലും കാറിന്റെ പിറകുവശത്തെ സീറ്റില്‍ യാത്രക്കാര്‍ ചാരിയിരിക്കുന്ന ഭാഗത്തും ഇതു പോലുള്ള രഹസ്യ അറകള്‍ ഉണ്ട്. കാറില്‍ നിന്ന് കണ്ടെത്തിയത് കുഴല്‍പ്പണമാണെന്ന് സംശയിക്കുന്നു.
ഡ്രൈവറുടെ സീറ്റിനടുത്തുള്ള ഗ്ലാസ് തകര്‍ത്ത നിലയിലാണ്. കാറിലെത്തിയ ഒരു സംഘം മറ്റൊരു കാര്‍ ആക്രമിക്കുന്നു എന്ന് അറിയിച്ചതിനെ തുടര്‍ന്ന് ചന്തേര എസ്‌ഐമാരായ മെല്‍ബിന്‍ ജോസ്, ടി.വി.പ്രസന്നന്‍ എന്നിവര്‍ സ്ഥലത്തെത്തിയപ്പോള്‍ റോഡില്‍ കാര്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
കാറില്‍ നിന്ന് കണ്ണൂര്‍ കക്കാടെ നൗഫലിന്റെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകിട്ടിയിരുന്നു. കണ്ണൂര്‍ കൊളവല്ലൂരിലെ അബ്ദുല്‍ അസീസിന്റെ പേരിലുള്ളതാണ് കാര്‍. കാര്‍ ഇയാള്‍ വാടകയ്ക്ക് നല്‍കി എന്നാണ് പോലീസിനോട് പറഞ്ഞത്. സംഭവം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.