തിരുവനന്തപുരം : വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥയുടെ ജയില്‍ സന്ദര്‍ശനം പോലീസ് അന്വേഷിക്കുന്നു. 2018 ല്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥ ആന്‍സി ഫിലിപ്പ് സ്വപ്നയെ സന്ദര്‍ശിച്ചതാണ് പരിശോധിക്കുന്നത്.
കൊഫേ പോസ കേസിന്റെ ഉത്തരവ് നല്‍കാന്‍ എന്ന പേരില്‍ ഉദ്യോഗസ്ഥ മണിക്കൂറുകളോളം സ്വപ്നയുമായി സംസാരിച്ചുവെന്നാണ് ജയിലിലെ രേഖകള്‍ വ്യക്തമാക്കുന്നത്. 2018 മാര്‍ച്ചില്‍ തിരുവനന്തപുരം വിമാനത്താവളം വഴി 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് ആന്‍സി ഫിലിപ്പ്.
ഇത് സംബന്ധിച്ച കുറ്റപത്രം 2020 ജനുവരിയില്‍ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിരിന്നു. കസ്റ്റംസ് സൂപ്രണ്ടായിരുന്ന ആന്‍സി ഫിലിപ്പ് അടക്കം മൂന്നു പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ ഉദ്യോഗസ്ഥ, ഇപ്പോള്‍ വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സന്ദര്‍ശിച്ചതാണ് സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ സംശയത്തോടെ വീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നത്. ആന്‍സി ഫിലിപ്പ് രണ്ടു തവണയാണ് സ്വപ്നയെ കണ്ടത്.
കൊഫേപോസ കേസിന്റെ ഉത്തരവ് നല്‍കാന്‍ എന്ന പേരില്‍ നവംബര്‍ 15 ന് നടന്ന സന്ദര്‍ശനം അഞ്ചു മണിക്കൂറോളം നീണ്ട് നിന്നു. ഇത്രയും സമയം ചെലവഴിച്ചത് ദുരൂഹമെന്നാണ് സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്. നവംബര്‍ 18 ന് കസ്റ്റംസ് സ്വപ്നയെ ചോദ്യം ചെയ്ത ശേഷം 19 ന് അറസ്റ്റ് രേഖപ്പെടുത്തി. നവംബര്‍ 25 ന് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഡിസംബര്‍ മൂന്നിന് സ്വപനയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി നല്‍കിയത് ഇതിന് ശേഷമാണ് എന്നതും സംസ്ഥാന ഏജന്‍സികള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.