കൽപ്പറ്റ : വയനാട് പെരിയ ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി പോലീസ് എഫ്ഐആർ. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവർക്കെതിരെ യുഎപിഎ ചുമത്തി. രക്ഷപെട്ടവർക്കായി കര്‍ണാടകത്തിലും തെരച്ചിൽ തുടങ്ങി. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ് ബാബുവിനെ ഈ മാസം പതിനാലാം തിയതി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒരുമാസത്തെ മുന്നൊരുക്കമാണ് മാവോയിസ്റ്റുകളെ പിടിക്കാൻ പോലീസ് നടത്തിയത്. 2019 മാർച്ച് ഏഴിന് വൈത്തിരിയിൽ ദേശീയ പാതയ്ക്ക് സമീപമുള്ള ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടലിൽ സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ പിടിയിലായ ചന്ദ്രു അന്ന് ഓടിരക്ഷപെട്ടയാളാണ്.
ബപ്പനം വാളാരം കുന്നിൽ 2020 നവംബർ മൂന്നിന് ഏറ്റുമുട്ടലുണ്ടായിരുന്നു. അന്ന് വേൽമുരുകൻ എന്ന മാവോയിസ്റ്റും കൊല്ലപ്പെട്ടു. പിന്നീട് ജനവാസ മേഖലയിൽ നിന്ന് അകന്നുനിന്ന മാവോയിസ്റ്റുകൾ കഴിഞ്ഞ സെപ്തംബറിൽ വനംവികസന കോർപ്പറേഷൻ അടിച്ചു തകർത്തു. പിന്നെ കണ്ടത് ഇടവേളകളില്ലാത്ത കാടിറക്കം. ഇവരിൽ നിന്ന് പിടിച്ചെടുത്ത നാലു തോക്കുകളിൽ ഒന്ന് ഇൻസാസ് തോക്കാണ്. ആർപിഎഫിന്റെ ഛത്തീസ്ഗഡിലെ പ്ലറ്റൂൺ ആക്രമിച്ച് മൂവായിരത്തോളം ഇൻസാസ് തോക്കുകൾ മാവോയിസ്റ്റുകൾ കവർന്നിരുന്നു. അതിൾ ഉൾപ്പെട്ട തോക്കാണോ എന്നാണ് പോലീസ് സംശയം. തോക്കുകളുടെ ബാലിസ്റ്റിക് പരിശോധ പുരോഗമിക്കുകയാണ്.