പത്തനംതിട്ട : ഒക്ടോബര്‍ 21 പോലീസ് രക്തസാക്ഷിത്വ അനുസ്മരണദിനമായി ആചരിച്ചതോടൊപ്പം പോലീസ് പതാക ദിനമായും ജില്ലാ പോലീസ് ആചരിച്ചു. ഇതുമായി ബന്ധപ്പെട്ടു പോലീസിനെക്കുറിച്ചും രാഷ്ട്രനിര്‍മാണത്തില്‍ പോലീസ് നല്‍കുന്ന സംഭാവനകളെപറ്റിയും നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തും.
പതാക ദിനചാരണത്തിന്റെ ഭാഗമായി പോലീസ് പതാകകള്‍ പൊതുജനങ്ങളുടെ വസ്ത്രത്തില്‍ പതിപ്പിച്ചതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്തുനടന്ന അനുസ്മരണ ചടങ്ങുകള്‍ക്കുശേഷം ആസ്ഥാനത്തിന് മുന്നിലെ റോഡില്‍ കടന്നുവന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മറ്റും മേധാവി നേരിട്ട് പതാക നെഞ്ചില്‍ പതിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കൈകാണിച്ചപ്പോള്‍ കാര്യമൊന്നും പിടികിട്ടാതെ നിര്‍ത്തിയ ഡ്രൈവര്‍മാര്‍ക്കും യാത്രികര്‍ക്കും ദിനചാരണത്തിന്റെ പ്രസക്തി വെളിവാക്കിക്കൊടുത്തു. കാര്യങ്ങളറിഞ്ഞവര്‍ അഭിമാനത്തോടെ പതാകകള്‍ നെഞ്ചിലേക്ക് എറ്റുവാങ്ങുകയും ചെയ്തു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ജില്ലയിലെ എല്ലാപോലീസ് സ്റ്റേഷന്‍ പരിധിയിലും ഇപ്രകാരം ചെയ്യുന്നതിന് എസ് എച്ച് ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.