ന്യൂഡല്‍ഹി : വടക്കന്‍ ഡല്‍ഹിയിലെ വസീറാബാദില്‍ കാമുകിയുടെ ഭര്‍ത്താവിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം കത്തിച്ചു. 27കാരനായ മുനിഷ്ദ്ദീനാണ് തന്‍റെ സുഹൃത്തും കാമുകിയുടെ ഭര്‍ത്താവുമായ റാഷിദിനെ കൊലപ്പെടുത്തിയത്. റാഷിദിന്‍റെ ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
വസീറാബാദിലെ രാംഘട്ടിന് മുന്നില്‍ ഒരാളുടെ കത്തിക്കരിഞ്ഞ മൃതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ സംഭവ സ്ഥലത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് രക്തം കണ്ടെത്തി. സ്ഥലത്ത് നിന്ന് ഒരു പേപ്പര്‍ കട്ടറും തീപ്പെട്ടിയും കണ്ടെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോള്‍ മരിച്ചയാളുടെ കൂടെ ഒരാളെ കണ്ടിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം മുനിഷ്ദ്ദീനില്‍ എത്തുകയായിരുന്നു.
എല്ലാ ദിവസവും അതിരാവിലെ മുനിഷ്ദ്ദീന്‍ രോഹിണി സെക്ടര്‍ 16ലെ ബവാന റോഡിന് സമീപം എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്നൊരുക്കിയ കെണിയില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നുവെന്ന് സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ (ക്രൈം) രവീന്ദ്ര സിംഗ് യാദവ് പറഞ്ഞു. മുനിഷ്ദ്ദീന്‍ പ്ലംബറായും റാഷിദ് ഇലക്ട്രീഷ്യനായും ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ മുനിഷ്ദ്ദീനും റാഷിദിനറെ ഭാര്യയും തമ്മില്‍ അവിഹിത ബന്ധം ഉടലെടുത്തു. റാഷിദ് മദ്യപിക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിനിടെ മുനിഷ്ദ്ദീനും യുവതിയും ചേര്‍ന്ന് റാഷിദിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 10-15 ദിവസമായി റാഷിദിനെ ഒഴിവാക്കണമെന്ന് ഭാര്യ മുനിഷ്ദ്ദീനോട് ആവശ്യപ്പെടുകയായിരുന്നു. റാഷിദിനെ ഇല്ലാതാക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തി. ഇവരുടെ ആസൂത്രണമനുസരിച്ച് മുനിഷ്ദ്ദീന്‍ റാഷിദിനെ രാംഘട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവര്‍ മദ്യം കഴിച്ചു. മദ്യലഹരിയിലായിരുന്ന റാഷിദിനെ മുനിഷ്ദ്ദീന്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് റാഷിദിന്‍റെ കഴുത്തറുത്ത് മൃതദേഹം കത്തിച്ചു. മരിച്ചയാളുടെ എല്ലാ തെളിവുകളും തിരിച്ചറിയല്‍ രേഖകളും നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചു.