കീഴ്വായ്പൂർ : 70 കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ കീഴ്വായ്പൂർ പോലീസ് പിടികൂടി. കുളത്തൂർ അതിരപ്ലാക്കൽ വീട്ടിൽ ജൂൻസ് (43) ആണ് പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഏലിയാമ്മയോട് സ്കൂട്ടറിന്റെ പെട്രോൾ തീർന്നുവെന്നും പെട്രോള്‍ വാങ്ങുവാന്‍ ഒരു കുപ്പി തരാമോ എന്നും ചോദിച്ചാണ് പ്രതി സമീപിച്ചത്. കുപ്പി എടുത്തുനൽകിയ ശേഷം വീട്ടിലേക്ക് കയറുവാന്‍ ഒരുങ്ങിയ ഏലിയാമ്മയുടെ മുഖത്തേക്ക് ഏതോ പൊടി വലിച്ചെറിഞ്ഞ ശേഷം കഴുത്തിൽ കിടന്നിരുന്ന രണ്ടുപവന്റെ സ്വർണ്ണമാല വലിച്ചുപൊട്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
ഉടൻതന്നെ ഇവർ കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് നടന്ന തെളിവെടുപ്പില്‍ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും ഇയാള്‍ മോഷ്ടിച്ച സ്വര്‍ണ്ണമാല കണ്ടെത്തുകയും ചെയ്തു. കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കീഴ്വായ്പൂർ എസ്.ഐ.അനീഷ് റ്റി., ഉദ്യോഗസ്ഥരായ സന്തോഷ്, വിഷ്ണു, അരുൺ, അഖിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




























