കോന്നി : സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഗോഡൗണിൽ നിന്നും അരി കടത്തിയ സംഭവത്തിൽ സപ്ലൈക്കോ പത്തനംതിട്ട ഡിപ്പോ മാനേജർ നൽകിയ പരാതിയിൽ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ ഡിപ്പോ മാനേജർ ദിലീപ്കുമാർ കോന്നി എസ് എച്ച് ഒ ക്കാണ് വകുപ്പ് തല റിപ്പോർട്ട് അടക്കം പരാതി നൽകിയത്. എട്ട് ലോഡ് അരി കാണാതായതിലൂടെ 36 ലക്ഷം രൂപയുടെ നഷ്ടമാണ് സിവിൽ സപ്ലൈസ് കോർപറേഷന് ഉണ്ടായിട്ടുള്ളത് എന്നാണ് പരാതിയിൽ പറയുന്നത്. ആരാണ് അരി കടത്തിയത്, ആർക്ക് വേണ്ടിയാണ് അരികടത്തിയത്, അരി എവിടേക്ക് ആണ് കൊണ്ട്പോയത് എന്നത് അടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കും.
ഈ സംഭവത്തിൽ ഒരാളെ കൂടി സസ്പെന്റ് ചെയ്തിട്ടുണ്ട്. മുൻപ് ഇടുക്കിയിലേക്ക് സഥലം മാറ്റിയ അസിസ്റ്റന്റ് സെയിൽസ്മാനെയാണ് കഴിഞ്ഞ ദിവസം ഹെഡ് ഓഫീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ഇതോടെ രണ്ട് പേര് സസ്പെൻഷനിൽ ആയിട്ടുണ്ട്. ആദ്യം ഓഫീസ് ഇൻ ചാർജിനെ ആണ് സസ്പെന്റ് ചെയ്തത്. 800 കിന്റൽ അരിയാണ് കോന്നി ഗോഡൗണിൽ നിന്നും കാണാതായത്. ഇതിനെ തുടർന്ന് പൊതു വിതരണ വകുപ്പ് വിജിലൻസ്, സപ്ലെക്കോ വിജിലൻസ്, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണും കമ്മീഷൻ അംഗവും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച വിജിലൻസ് എസ് പി യും സ്ഥലത്ത് എത്തി തൊഴിലാളികളുടെ മൊഴി രേഖപെടുത്തിയിരുന്നു. അരിച്ചാക്കുകൾ അട്ടി വെക്കുന്നതിൽ അടക്കം ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.