തിരുവനന്തപുരം : പോലീസ് വാടകയ്‌ക്കെടുക്കുന്ന ഹെലികോപ്ടറിന്റെ കരാര്‍ ഡല്‍ഹി ആസ്ഥാനമായ ചിപ്‌സന്‍ ഏവിയേഷന് നല്‍കും. പ്രതിമാസം ഇരുപത് മണിക്കൂര്‍ പറക്കാന്‍ എണ്‍പത് ലക്ഷം രൂപയാണ് വാടക. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വാടക പകുതിയോളം കുറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് പോലീസും മുഖ്യമന്ത്രിയും പറക്കാന്‍ ഉപയോഗിക്കുക ഡല്‍ഹി ആസ്ഥാനമായ ചിപ്‌സന്‍ ഏവിയേഷന്റെ ഹെലികോപ്ടര്‍.
ടെണ്ടറില്‍ പങ്കെടുത്ത മൂന്ന് കമ്പനികളില്‍ നിന്ന് ചിപ്‌സനെ തിരഞ്ഞെടുക്കാന്‍ ഇന്ന് പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന സാങ്കേതിക സമിതി തീരുമാനിച്ചു. ഒരു മാസം ഇരുപത് മണിക്കൂര്‍ പറക്കും. 80 ലക്ഷം രൂപ വാടക നല്‍കണം. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ വീതം വാടകയാവും. രണ്ട് ജീവനക്കാരടക്കം ഹെലികോപ്ടര്‍ മുഴുവന്‍ സമയവും തിരുവനന്തപുരം എയര്‍പോര്‍ട്ടിലുണ്ടാവണം എന്നതുമാണ് കരാര്‍.
കഴിഞ്ഞ തവണ പ്രതിമാസം ജി.എസ്.ടിയടക്കം ഒന്നരക്കോടിയോളം രൂപയായിരുന്നു വാടക. ധൂര്‍ത്തെന്ന വലിയ ആക്ഷേപത്തിന് അത് കാരണമായിരുന്നു. ഇത്തവണ വാടക പകുതിയായി കുറയാന്‍ പ്രധാനമായും രണ്ട് കാരണമാണുള്ളത്. കഴിഞ്ഞ തവണ പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹന്‍സില്‍ നിന്ന് ടെണ്ടറില്ലാതെയാണ് വാടകയ്‌ക്കെടുത്തത്. ഇത്തവണ സ്വകാര്യ കമ്പനികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.
കഴിഞ്ഞതവണ 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടറായിരുന്നെങ്കില്‍ ഇത്തവണ 6 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടറായി സൗകര്യങ്ങള്‍ കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് ഇതിന് മുന്‍പും ചിപ്‌സന്‍ ഏവിയേഷന്റെ ഹെലികോപ്ടര്‍ ഉപയോഗിച്ചിട്ടുണ്ട്. ദുരിതാശ്വാസഫണ്ട് വകമാറ്റിയുള്ള മുഖ്യമന്ത്രിയുടെ വിവാദ പറക്കലും ഈ കമ്പനിയുടെ ഹെലികോപ്ടറിലായിരുന്നു.