പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ അന്യ സംസ്ഥാനക്കാരായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. പെരുമ്പാവൂരില്‍ അന്യ സംസ്ഥാനക്കാര്‍ നടത്തുന്ന മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രികരിച്ചും വിശദമായ അന്വേഷണം നടത്തി വരികയാണ്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണത്തില്‍ അസം സ്വദേശികളായ രണ്ടു പേരെയാണ് പെരുമ്പാവൂര്‍ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ആസ്സാം നാഗൗണ്‍ ജൂറിയ സ്വദേശി ഹാരിജുല്‍ ഇസ്ലാം മാര്‍ച്ച് 9 ന് അറസ്റ്റിലായി. ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത വരെ ചോദ്യം ചെയ്തതില്‍ നിന്നും സ്വകാര്യ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ മൊബൈല്‍ കട നടത്തുന്ന റൈഹാനുദ്ദീനെ കുറിച്ച് വിവരം ലഭിച്ചു. അസം സ്വദേശിയായ റെയ്ഹാനെ ഇന്നലെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പുതിയ സിം കാര്‍ഡ് എടുക്കാന്‍ എത്തുന്നവരുടെ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് സ്‌കാന്‍ ചെയ്ത ശേഷം പേര്, മേല്‍വിലാസം, ഫോട്ടോ തുടങ്ങിയവ ഫോട്ടോഷോപ്പ് നടത്തി മാറ്റുകയും വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചു നല്‍കുകയുമാണ് രീതി. റെയ്ഹാന്റെ കടയില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന് നിരവധി ആധാര്‍ കാര്‍ഡുകള്‍ വ്യാജമായി നിര്‍മ്മിക്കുവാന്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചു. കളര്‍ പ്രിന്റര്‍ ഉള്‍പ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പെരുമ്പാവൂര്‍ എ എസ് പി വ്യക്തമാക്കി. വീട് വാടകയ്ക്ക് എടുക്കുന്നതിനും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഇത്തരം വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചതായി പോലീസില്‍ വിവരം ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ മേഖലയില്‍ അന്യസംസ്ഥാനക്കാര്‍ നടത്തുന്ന പല മൊബൈല്‍ ഷോപ്പുകളിലും ഇത്തരം വ്യാജ രേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്നതായാണ് വിവരം. നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം അന്യസംസ്ഥാനക്കാരുടെ മൊബൈല്‍ ഷോപ്പുകളില്‍ ഉള്‍പ്പെടെ വ്യാപകമായി പരിശോധന നടത്താനുമുള്ള ശ്രമത്തിലാണ് പോലീസ്.