ഡൽഹി: ഡൽഹിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട സംഭവത്തിൽ പോലീസിൻ്റെ നിർണായക കണ്ടെത്തൽ. കെട്ടിടത്തിൻ്റെ അടിത്തറ ദുർബലമാണെന്ന് അറിയാമായിരുന്നിട്ടും കൂടുതൽ വാടക ലഭിക്കാനായി നാല് നിലകൾ കൂടി ഉടമ ഹരിറാം ഗുപ്തയും സഹോദരനും ചേർന്ന് നിർമ്മിച്ചുവെന്ന് പോലീസിൻ്റെ എഫ്ഐആർ. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കെട്ടിടം പിജി നടത്തിപ്പുകാരായ ‘ഹോസ്റ്റൽ ഡേസി’ന് നൽകിയതെന്ന് കെട്ടിട ഉടമയുടെ മകൻ മഹേഷ് ഗുപ്ത പോലീസിന് മൊഴി നൽകി. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലുണ്ടായിരുന്ന രണ്ട് കടമുറികൾ ഒന്നാക്കി മാറ്റിയെന്നും പോലീസ് സ്ഥിരീകരിച്ചു. നിർമ്മാണത്തിനിടയിൽ കെട്ടിടത്തിന്റെ ഭാരം താങ്ങുന്ന ഒരു മതിൽ നീക്കം ചെയ്തതായും ഇത് കെട്ടിടത്തിന്റെ സ്ഥിരതയെ ബാധിച്ച് ഒടുവിൽ അത് തകർന്നുവീഴാൻ കാരണമായതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്തുനിന്നുള്ള മണ്ണിൻ്റെ സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചു.
കേസിൽ കെട്ടിടത്തിൽ നടന്നുവന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ലേബർ കോൺട്രാക്ടർ സനോജിനെയും പോലീസ് പിടികൂടി. ഉത്തർ പ്രദേശിലെ കാസ്ഗഞ്ചിൽനിന്ന് പിടികൂടിയ ഇയാളെ ഡൽഹിയിലേക്ക് എത്തിച്ചു. നേരത്തെ അപകടത്തിന് പിന്നാലെ രാജസ്ഥാനിലെ ഭിവാഡിയിലുള്ള ഭാര്യവീട്ടിലേക്ക് കടന്നുകളഞ്ഞ കെട്ടിട ഉടമ ഹരിറാം ഗുപ്തയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഭാര്യ ഊർമ്മിള, മകൻ മഹേഷ് ഗുപ്ത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.






























