വിതുര : എസ്‌എപി ക്യാംപിലെ കോണ്‍സ്റ്റബിള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം എസ്‌എപി ക്യാംപിലെ കോണ്‍സ്റ്റബിള്‍ വൈ. ഫിറോസ് മോന്‍ ആണ് വിതുര കല്ലാര്‍ വട്ടക്കയത്തില്‍ മുങ്ങി മരിച്ചത്. മകന്‍ ഇഹാന്‍ സാദ് ജനിച്ചു പന്ത്രണ്ടാം നാള്‍ ആണ് ഫിറോസിന്‍റെ വേര്‍പാട്. കഴിഞ്ഞ മാസം 23 നാണു ഫിറോസിന്‍റെ ഭാര്യ ബീമ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍ കുഞ്ഞിനു ജന്മം നല്‍കിയത്.
ഭാര്യയെയും കുഞ്ഞിനെയും കണ്ട ശേഷം ബന്ധുക്കള്‍ക്കൊപ്പം വിനോദ യാത്രയ്ക്കു വന്നതു മരണത്തിലേക്ക് ആയിരുന്നുവെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വാമനപുരം നദിയിലെ മുങ്ങി മരണങ്ങളുടെ കണക്കെടുത്താന്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതു കല്ലാര്‍ വട്ടക്കയത്തിലാണ്. വാമനപുരം നദിയിലെ തന്നെ ഏറ്റവും അപകടകരമായ ഭാഗം. നാളിതുവരെ അറുപതിലേറെ ജീവനെടുത്ത മരണക്കയം.