കൊല്ലം : പവിത്രേശ്വരം പഞ്ചായത്തിലെ സാമൂഹിക അടുക്കളയില്‍ നിന്നും പൊതിച്ചോര്‍ വിതരണത്തിന് പോയ സന്നദ്ധ പ്രവര്‍ത്തകനെ എഴുകോണ്‍ എസ്.ഐ ബാബു കുറുപ്പ് തെറിവിളിച്ച് അപമാനിച്ചതായി പരാതി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നിയമിച്ച പവിത്രേശ്വരം പഞ്ചായത്തിലെ സന്നദ്ധസേന അംഗമായ ശ്യാമിനെയാണ് എസ്.ഐ ബാബു കുറുപ്പ് റോഡില്‍ വച്ച് അപമാനിച്ചത് . പുത്തൂര്‍ പാങ്ങോട്ടെ സാമൂഹിക അടുക്കളയില്‍ നിന്നും പവിത്രേശ്വരം പഞ്ചായത്തിലെ വാര്‍ഡുകളില്‍ ഉച്ച ഭക്ഷണം വിതരണത്തിന് പോയതായിരുന്നു ശ്യാം. പിന്നാലെ എത്തിയ പോലീസ് ജീപ്പ് ശ്യാം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് കുറുകെ വയ്ക്കുകയും എസ്.ഐ അക്രോശിച്ച് കൊണ്ട് ശ്യാമിനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു . യുവജന ക്ഷേമ ബോര്‍ഡിന്റെയും പഞ്ചായത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകനുള്ള ഐഡന്റിറ്റി കാര്‍ഡുകള്‍ കാട്ടിയപ്പോഴും എസ്.ഐ അസഭ്യം പറഞ്ഞു .
ശ്യാമിന്റെ അച്ഛനമ്മമാരെയും കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തകരെയും പഞ്ചായത്ത് അധികൃതരെയും അടച്ചാക്ഷേപിച്ചെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു . എസ്.ഐ യുടെ ആക്രോശം കേട്ട് സമീപവാസികള്‍ വീടുകളില്‍ നിന്നും ഇറങ്ങി വന്നപ്പോഴാണ് പോലീസ് പിന്‍വാങ്ങിയത്. എസ്.ഐ യുടെ അതിക്രമത്തിന് എതിരെ ശ്യാം കൊല്ലം കളക്ടര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി . സാമൂഹിക സേവനം ചെയ്യുന്ന യുവജനങ്ങളുടെ ആത്മവീര്യം തകര്‍ക്കുന്ന പ്രവൃത്തിയാണ് എഴുകോണ്‍ എസ്.ഐ യുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ കൃഷ്ണന്‍ പറഞ്ഞു . സംഭവത്തില്‍ പഞ്ചായത്ത് കമ്മിറ്റി ജില്ലാ കളക്ടര്‍, റൂറല്‍ എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.