എറണാകുളം : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ എറണാകുളം റൂറല്‍ പോലീസ് അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കി. ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലായി ഇരുപത്തിനാല് മണിക്കൂറൂം സര്‍വ്വീസ് നടത്താനാണ് പുതിയ വാഹനങ്ങള്‍. പ്രളയമുണ്ടായാല്‍ നേരിടുന്നതിന് പട്രോളിംഗ് യൂണിറ്റുകളും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധവും പ്രളയ മുന്നൊരുക്കവും കണക്കിലെടുത്താണ് പുതിയ വാഹനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. 360 ഡിഗ്രി തിരിയുന്ന നിരീക്ഷണ ക്യാമറകള്‍, തത്സമയ റെക്കോഡിംഗ് സംവിധാനം, ഡിസ്പ്ലേ സ്‌ക്രീന്‍, ജി.പി.എസ് തുടങ്ങി ആധുനിക സംവിധാനങ്ങളോടെയുള്ളതാണ് വാഹനങ്ങള്‍. ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനും ഈ വാഹന യൂണിറ്റുകളാകും പോലീസിന് സഹായമാകുക.
പതിനഞ്ച് വാഹനങ്ങളാണ് എറണാകുളം റൂറല്‍ പോലീസ് പുതിയതായി നിരത്തിലിറക്കിയത്. ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ 34 സ്റ്റേഷനുകളിലും ഈ പട്രോളിംഗ് യൂണിറ്റുകളുടെ സേവനം ലഭ്യമാകും. ജനങ്ങള്‍ക്ക് മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് പബ്ലിക് അനൗണ്‍സ്മെന്റ് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്. പോലീസിന്റെ പൊതു നമ്പറായ 112 ല്‍ വിളിച്ചാല്‍ ഏറ്റവും അടുത്തുള്ള പട്രോളിംഗ് വാഹനത്തിന്റെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകും. റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കാണ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചത്.