ചണ്ഡീഗഢ്: പഞ്ചാബിൽ പോലീസ് ഉദ്യോഗസ്ഥ മയക്കുമരുന്നുമായി പിടിയിലായി. സീനിയര്‍ വനിതാ കോണ്‍സ്റ്റബിളായ അമന്‍ദീപ് കൗറിനെയാണ് 17.71 ഗ്രാം ഹെറോയിനുമായി പോലീസ് പിടികൂടിയത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അമന്‍ദീപ് കൗറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബത്തിന്‍ഡയിലെ ഫ്‌ളൈഓവറിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് അമന്‍ദീപ് കൗര്‍ മയക്കുമരുന്നുമായി പിടിയിലായത്. പഞ്ചാബ് സര്‍ക്കാരിന്റെ മയക്കുമരുന്നിനെതിരായ ഡ്രൈവിനിടെയാണ് പോലീസും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സും സംയുക്തമായി പരിശോധന നടത്തിയത്. അമന്‍ദീപ് കൗര്‍ ഓടിച്ചിരുന്ന ഥാര്‍ വാഹനം പോലീസ് പരിശോധിച്ചപ്പോഴാണ് വാഹനത്തില്‍നിന്ന് 17.71 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തത്.
പോലീസുകാരിക്കൊപ്പം ജസ്വന്ത് സിങ് എന്നയാളും വാഹനത്തിലുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ പോലീസുകാരിയാണ് അമന്‍ദീപ് കൗര്‍. ഇന്‍സ്റ്റഗ്രാമില്‍ 40,000 ഫോളോവേഴ്‌സുള്ള അമന്‍ദീപ് കൗറിന്റെ റീല്‍സുകളെല്ലാം വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സിന്റെ പേരിലും ഇവര്‍ നേരത്തേ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. നിലവില്‍ മാന്‍സ പോലീസ് സ്‌റ്റേഷനിലാണ് അമന്‍ദീപ് കൗര്‍ ജോലി ചെയ്തിരുന്നത്. അമന്‍ദീപ് കൗര്‍ പോലീസ് യൂണിഫോമില്‍ റീല്‍സ് ചിത്രീകരിക്കുന്നതും ചര്‍ച്ചയായിരുന്നു. ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് അമന്‍ദീപ് ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.
അതിനിടെ അമന്‍ദീപ് കൗറിന്റെ ആഡംബരജീവിതവും ഇവര്‍ക്കെതിരേ ഗുര്‍മീത് കൗര്‍ എന്ന യുവതി ഉന്നയിച്ച ആരോപണങ്ങളും ചര്‍ച്ചയായിട്ടുണ്ട്. അമന്‍ദീപ് കൗറിന് രണ്ടുകോടി രൂപ വിലമതിക്കുന്ന വീടും കാറുകളും ലക്ഷങ്ങള്‍ വിലയുള്ള വാച്ചുകളും ഉണ്ടെന്നാണ് ഗുര്‍മീത് കൗര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരോപിച്ചത്. തന്റെ ഭര്‍ത്താവായ ബല്‍വീന്ദര്‍ സിങ്ങുമായി അമന്‍ദീപിന് ബന്ധമുണ്ടെന്നും ആംബുലന്‍സ് ഡ്രൈവറായ ഇദ്ദേഹത്തോടൊപ്പം ചേര്‍ന്നാണ് അമന്‍ദീപ് ഹെറോയിന്‍ വില്‍പ്പന നടത്തുന്നതെന്നും യുവതി ആരോപിച്ചിരുന്നു. ആംബുലന്‍സിലാണ് ഇരുവരും മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നതെന്നും നേരത്തേ പോലീസിനെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഗുര്‍മീത് കൗര്‍ പറഞ്ഞു.