ആലപ്പുഴ: ആലപ്പുഴയില്‍ റെയ്ഡ് ചെയ്ത മദ്യം കടത്തിക്കൊണ്ടുപോയ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നടപടി സൗത്ത് സ്റ്റേഷനിലെ എസ്‌ഐമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ്. കഴിഞ്ഞ ഒന്നാം തിയതി ഉച്ചയ്ക്കാണ് പ്രവാസിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. വീട്ടില്‍ നിന്ന് കണ്ടെത്തിയ വിദേശമദ്യം എസ്‌ഐയും സംഘവും വാഹനത്തില്‍ കടത്തിക്കൊണ്ടുപോയെന്നായിരുന്നു വീട്ടുകാരുടെ പരാതി.
അന്വേഷണത്തില്‍ മദ്യകുപ്പികള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയില്ലെന്നും വ്യക്തമായി. പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാഗ്രതകുറവുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. ആദ്യഘട്ടത്തില്‍ ഇവര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ വിദേശമദ്യം എടുത്തിട്ടില്ലെന്നായിരുന്നു ഡിവൈഎസ്പിക്ക് നല്‍കിയ മൊഴി. നാല്‍പ്പതോളം മദ്യകുപ്പികള്‍ കടത്തിയെന്നായിരുന്നു വീട്ടുകാരുടെ പരാതി. ഇക്കാര്യം ശരിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അമിതമദ്യം കൈവശം വെച്ചതിന് വീട്ടുടമസ്ഥനെതിരെ നടപടിയെടുക്കും