മലപ്പുറം: മുൻ എംഎൽഎ പി.വി. അൻവറിന് പോലീസിലെ രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തെത്തുടർന്ന് സസ്പെൻഷനിലായ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അടിയന്തരമായി ജോലിയിൽ തിരിച്ചെടുത്തു. ബറ്റാലിയന്റെ തൃശ്ശൂർ കമാൻഡന്റ് മുഹമ്മ്ദ് നജീബുദ്ദീനാണ് ഉത്തരവിട്ടത്. ഏപ്രിൽ 28-നാണ് ഹവിൽദാർ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യൻ എന്നിവരെ സസ്പെൻഡ് ചെയ്തത്. മാർച്ച് 13-നാണ് ഇവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് ഉത്തരമേഖലാ ഐജി നിർദ്ദേശിച്ചതെങ്കിലും 45 ദിവസം കഴിഞ്ഞാണ് നിർദ്ദേശം നടപ്പാക്കിയത്. പോലീസിന്റെ രഹസ്യ ഓപ്പറേഷൻ വിഭാഗമായ അരീക്കോട്ടെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ വിവരങ്ങൾ പി.വി. അൻവറിനും മാധ്യമങ്ങൾക്കും ചോർത്തിക്കൊടുത്തു എന്നായിരുന്നു ഇവർക്കെതിരേയുള്ള ആരോപണം.
ഈ രേഖകൾ ഉയർത്തിക്കാട്ടി അൻവർ മഞ്ചേരിയിൽ പത്രസമ്മേളനവും നടത്തി. എസ്ഒജി ആസ്ഥാനത്ത് ഹവിൽദാർ വിനീത് സ്വയം വെടിവെച്ചുമരിച്ച സംഭവത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും ഇരുവർക്കുമെതിരേ ആരോപണമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് റിപ്പോർട്ടുണ്ടായി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. അന്വേഷണം നടത്താൻ ഇന്ത്യ റിസർവ് ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് എൻ.വി. സജീഷ്ബാബുവിനെ നിയമിച്ചിരുന്നു. സസ്പെൻഷനിലായവർക്ക് 15 ദിവസത്തിനകം കുറ്റാരോപണ മെമ്മോ നൽകാനും രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ കുറ്റാരോപണ മെമ്മോ പോലും നൽകാതെയാണ് ഇവരെ തിരിച്ചെടുക്കുന്നത്.
സേനാംഗങ്ങളുടെ പരിശീലനവും മറ്റ് ഡ്യൂട്ടികളും സുഗമമാക്കുന്നതിനുവേണ്ടിയാണ് തിരിച്ചെടുക്കുന്നതെന്നും ഇവർക്കെതിരേയുള്ള അന്വേഷണത്തെ ഇത് ബാധിക്കരുതെന്നും ഉത്തരവിലുണ്ട്.സാധാരണയായി കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകുകയും തുടർന്ന് അന്വേഷണം നടത്തുകയും ചെയ്താണ് സസ്പെൻഷൻ നടപ്പാക്കുക. എന്നാൽ ഇവരുടെ കാര്യത്തിൽ ഇതൊന്നുമുണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്. അരീക്കോട് എസ്ഒജിയിലെ അഞ്ച് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ഡ്യൂട്ടിവിവരവുമടക്കമുള്ളവ പി.വി. അൻവർ സെപ്റ്റംബർ ഒമ്പതിന് മഞ്ചേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പുറത്തുവിട്ടത്. ഇത് രാജ്യസുരക്ഷക്കും ഉദ്യോഗസ്ഥരുടെ ജീവനും ഭീഷണിയാണെന്ന് കാണിച്ച് എസ്ഒജി എസ്‌പി പി.ടി. ഫിറാഷ് ജില്ലാ പോലീസ് മേധവിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അൻവറിനെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം മഞ്ചേരി പോലീസ് കേസെടുത്തിരുന്നു. ഈ കേസിലും അന്വേഷണം നടക്കുകയാണ്.