മലപ്പുറം : അപകടത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ബൈക്ക് അനധികൃതമായി ഉപയോഗിച്ചതിന് രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. കാടാമ്പുഴ പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് അപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ചതിന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഗ്രേഡ് എസ്‌ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. വെട്ടിച്ചിറക്ക് അടുത്ത് കര്‍ണാടക സ്വദേശിയുടെ ബൈക്ക് അപകടത്തില്‍പെട്ടിരുന്നു. മിനി ലോറിയിടിച്ച് ആയിരുന്നു അപകടം സംഭവിച്ചത്.
അപകടത്തില്‍ മരിച്ച കര്‍ണാടക ജാക്കിലി സ്വദേശി വിന്‍സെന്റ് എന്നയാളുടെ TN 30 S 9870 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള ബൈക്ക് ആണ് ആണ് പോലീസുകാര്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത്. ഈ ബൈക്ക് മരിച്ച ആളുടെ വേണ്ടപ്പെട്ടവര്‍ക്ക് തന്നെ വിട്ട് കൊടുത്തു എന്ന വ്യാജരേഖ നിര്‍മ്മിച്ചാണ് ഇവര്‍ ബൈക്ക് ഉപയോഗിച്ചിരുന്നത്. വിവരങ്ങള്‍ അറിഞ്ഞ മലപ്പുറം എസ് പി സുജിത്ത് ദാസ് താനൂര്‍ ഡിവൈഎസ്പി ക്ക് നല്‍കിയ നിര്‍ദേശപ്രകാരം ആണ് പിന്നീട് അന്വേഷണം നടന്നത്. ഇതിനെ തുടര്‍ന്നാണ് ഗ്രേഡ് എസ്‌ഐമാരായ സന്തോഷിനെയും പോളിയെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആകും ഇനി വകുപ്പു തല അന്വേഷണം നടത്തുക.