ഓച്ചിറ : തിരക്കേറിയതോടെ ഓച്ചിറ പടനിലത്ത് കടുത്ത ജാഗ്രതയും മുൻകരുതലുമായി പോലീസ്. കഴിഞ്ഞദിവസങ്ങളിലുണ്ടായ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് പരിഗണിച്ചാണ് നടപടി. ചൊവ്വാഴ്ച പന്ത്രണ്ടുവിളക്ക് കണ്ടുതൊഴാൻ വൻ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ അനിയന്ത്രിതമായ തിക്കും തിരക്കുംമൂലം നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയിലായിരുന്നു പടനിലം. ഓംകാരസത്രം, പഴയസത്രം, കുടിലുകൾ എന്നിവിടങ്ങളിലായി ആറായിരത്തോളം ഭക്തർ സ്ഥിരമായി പടനിലത്തുണ്ട്. ഇതിനുപുറമേ കഴിഞ്ഞ ദിവസങ്ങളിൽ 60,000 മുതൽ 70,000 വരെ ആളുകൾ വന്നുപോയിട്ടുണ്ട്. ഒരുസമയം പരമാവധി 25,000 പേർക്ക് തങ്ങാനുള്ള സ്ഥലസൗകര്യംമാത്രമേ ഇപ്പോൾ പടനിലത്തുള്ളൂ എന്നാണ് പോലീസ് കണക്ക്.
വൻതോതിൽ ആളുകളെത്തിയാൽ പടനിലത്തേക്ക് കടത്തിവിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും. കാർണിവൽ, പ്രധാന ഓഡിറ്റേറിയത്തിന്റെ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണമുണ്ട്. പടനിലത്തിന്റെ എല്ലാഭാഗത്തേക്കും അഗ്നിരക്ഷാസേന, ആംബുലൻസ് തുടങ്ങിയ സംവിധനങ്ങൾ കടന്നുചെല്ലാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പടനിലത്തെ നാല് ഗേറ്റുകളുടെയും നിയന്ത്രണം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. കിഴക്കേ ഗേറ്റ് തുറന്നിട്ടിരിക്കുകയാണ്. മറ്റ് മൂന്നുഗേറ്റുകളിൽക്കൂടി മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ. അവശ്യഘട്ടത്തിൽ എല്ലാ ഗേറ്റുകളും തുറന്നുനൽകുമെന്ന് ഓച്ചിറ സി.ഐ. എ.നിസാമുദ്ദീൻ പറഞ്ഞു.