പത്തനംതിട്ട : വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ കൃത്യമായ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്ന് പരിസരവാസികളും ഉറപ്പാക്കണമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ആവശ്യപ്പെട്ടു. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ സൂക്ഷ്മമായ നിരീക്ഷണം നടത്തണം. ഇവര്‍ ബൈക്ക് പട്രോളിങ് നടത്തേണ്ടതാണ്. രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിലുള്ള അന്തര്‍ജില്ലാ യാത്രകള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍നിന്നും നല്‍കുന്ന പാസിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാം. രാത്രി ഏഴു വരെയുള്ള പകല്‍ യാത്രകള്‍ ജില്ലവിട്ടു നടത്താന്‍ പാസ് വേണ്ടതില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നത് പോലീസ് ഉറപ്പാക്കും. ലംഘനങ്ങള്‍ക്ക് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അബ്കാരി റെയ്ഡുകളും അനധികൃത കടത്തുകള്‍ക്കെതിരെയുള്ള പരിശോധനകളും തുടര്‍ന്നുവരുന്നു. ഇന്നലെ മലയാലപ്പുഴ ശീമപ്ലാവ്മുക്കില്‍നിന്നും സ്‌കൂട്ടറില്‍ വാറ്റുചാരായവുമായി രണ്ടു പേരെ എസ്ഐ രാജേന്ദ്രനും സംഘവും പിടികൂടി. കിഴക്കുപുറം പാമ്പേറ്റുമല രെഞ്ചു (28), ഇലക്കുളം പള്ളിക്കല്‍ വീട്ടില്‍ നിഥിന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. അനുവദനീയമായ പാസോ അനുമതിപത്രമോ ഇല്ലാതെ പാറയും മറ്റും കടത്തിയതിന് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളിലായി അഞ്ചു ടിപ്പറുകള്‍ പിടിച്ചെടുത്തു നടപടികള്‍ സ്വീകരിച്ചു. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കു ബുധന്‍ വൈകിട്ട് നാലു മുതല്‍ വ്യാഴം വൈകിട്ട് നാലു വരെ 27 കേസുകളിലായി 29 പേരെ അറസ്റ്റ് ചെയ്യുകയും17 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.