ഗുജറാത്ത്: രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് 24 മണിക്കൂറും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഗുജറാത്തില്‍ രണ്ടു തവണ തട്ടിക്കൊണ്ടുപോകലിന് ഇരയായ ആണ്‍കുഞ്ഞിനാണ് മുഴുവന്‍ സമയവും പോലീസ് കാവല്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഗുജറാത്തില്‍ 24 മണിക്കൂറും പോലീസ് സുരക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഈ കുഞ്ഞായിരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാന്ധിനഗറിലെ അഡലാജിലെ ചേരിയിലാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ താമസിക്കുന്നത്. ആക്രി വിറ്റ് ജീവിക്കുന്ന ഇവരുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഇതുവരെ രണ്ടു തവണയാണ് ചിലര്‍ തട്ടിക്കൊണ്ടുപോയത്. കുഞ്ഞ് ജനിച്ച് രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് ഗാന്ധിനഗര്‍ സിവില്‍ ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ ആദ്യം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ജിഗ്നേഷ്, അസ്മിത ഭാരതി എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഒരാഴ്ചയ്ക്കുള്ളില്‍ പോലീസ് കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ജൂണ്‍ അഞ്ചിന് വീണ്ടും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടികളില്ലാത്ത ദിനേശ്-സുധ ദമ്പതിമാരാണ് ജൂണ്‍ അഞ്ചാം തീയതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ റോഡരികില്‍നിന്ന് ആക്രി ശേഖരിക്കുന്നതിനിടെ സൈക്കിളില്‍ കിടത്തിയിരുന്ന കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് തട്ടി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നാലു ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത് .
രണ്ടു മാസത്തിനിടെ രണ്ടു തവണ തട്ടിക്കൊണ്ടു പോയതോടെയാണ് കുഞ്ഞിന് മുഴുവന്‍ സമയവും സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. കുഞ്ഞിനെയും മാതാപിതാക്കളെയും മുഴുവന്‍ സമയവും നിരീക്ഷിക്കാനാണ് പോലീസിന്റെ തീരുമാനം.