കല്‍പറ്റ: വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന മസാജ്, സ്പാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. ആയുര്‍വേദ മസാജ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടു. മസാജ് സെന്‍ററുകളോ, സ്പാ കേന്ദ്രങ്ങളോ പ്രവര്‍ത്തിക്കുന്നതിന് കേരളാ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ആക്ട് 2018 പ്രകാരം രജിസ്റ്റർ ചെയ്ത ലൈസന്‍സ് നിര്‍ബന്ധമാണ്.
പല സ്ഥാപനങ്ങൾക്കും പരിശോധന സമയത്ത് രേഖകൾ ഹാജരാക്കാനായില്ല. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവരുടെ അനുമതി പത്രങ്ങളും കൈവശമുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിക്കുകയുണ്ടായി. പല കേന്ദ്രങ്ങളിലും വിദഗ്ദ്ധ പരിശീലനം നേടിയവരുടെ അഭാവവും കണ്ടെത്തി. ടൂറിസത്തിന്റെ മറവില്‍ ആയുര്‍വേദ മസാജ് എന്ന പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന അനധികൃത സ്പാകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പരിശോധനയും അനധികൃത കേന്ദ്രങ്ങള്‍ക്കെതിരെയുള്ള നിയമ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.