കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടതായി പോലീസ്. ഫറോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഒ.സിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന് സമീപത്തായാണ് 50 കിലോയോളം വരുന്ന റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള കേബിള്‍ കൂട്ടിയിട്ട് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ അര്‍ധ രാത്രിയോടെയാണ് തീപ്പിടിച്ച വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ മീഞ്ചന്ത ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും പറ്റാവുന്ന രീതിയില്‍ തീ അണക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു.
വൈകാതെ തന്നെ ഇവിടെ എത്തിച്ചേര്‍ന്ന അഗ്‌നിരക്ഷാസേന തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. സമീപത്തെ അടിക്കാടുകളിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ അത് പെട്ടെന്ന് തന്നെ ഐ.ഒ.സിയിലേക്ക് വ്യാപിച്ച് വന്‍ ദുരന്തമുണ്ടാകുമായിരുന്നു. കേബിളുകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ടെന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഇ. ഷിഹാബുദ്ദീന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി. സുരേഷ്, ജിന്‍സ് ജോര്‍ജ്, ജോസഫ് ബാബു, എം. ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് തീ അണക്കാന്‍ നേതൃത്വം നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റെയില്‍വേ സുരക്ഷാ സേന അറിയിച്ചു.