കൊച്ചി : ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യ പ്രതി ഷാഫിയുടെ ഗാന്ധിനഗറിലുള്ള വീട്ടില്‍ പോലീസ് പരിശോധന. പ്രതിയുടെ ഭാര്യ നബീസയെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പ്രതിയുമായി എത്തി തെളിവെടുപ്പ് ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പോലീസ് സംഘം എത്തി ഇവിടെ പരിശോധന നടത്തുകയായിരുന്നു.
കേസിലെ മുഖ്യതെളിവാണ് ഫോണ്‍ അതിനാല്‍ അത് കണ്ടെടുക്കാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പ്രതി സ്വന്തമായാണോ പ്രൊഫൈലുണ്ടാക്കി ചാറ്റു ചെയ്തത് എന്ന കാര്യത്തില്‍ പോലീസ് ഇപ്പോഴും സംശയിക്കുന്നുണ്ട്. ഭാര്യയുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായേക്കും. ഇരയാക്കപ്പെട്ട പത്മയുടെ സ്വര്‍ണം പണയം വെച്ചപ്പോള്‍ ലഭിച്ച തുകയുടെ ഒരു ഭാഗം തന്നെ ഏല്‍പിച്ചിരുന്നതായി ഷാഫിയുടെ ഭാര്യ നഫീസ നേരത്തെ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
നാലര പവന്‍ സ്വര്‍ണം ഗാന്ധിനഗറിലെ സ്ഥാപനത്തില്‍ പണയം വെച്ച് 11000 രൂപ ലഭിച്ചതായി പ്രതി സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്വര്‍ണം പണയം വെച്ച ഗാന്ധിനഗറിലെ സ്ഥാപനത്തിലും പ്രതിയുമായി പോലീസ് തെളിവെടുപ്പിനായി എത്തും. ഇതിനു പുറമേ പ്രതി പത്മയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയ ചിറ്റൂര്‍ റോഡിലും ഇയാളുടെ ചിറ്റൂര്‍ റോഡിലെ സ്ഥാപനത്തിലും മുഖ്യ പ്രതിയുമായി പോലീസ് എത്തി തെളിവു ശേഖരണം നടത്തും.