ഇടുക്കി: ഇടുക്കി കട്ടപ്പനക്ക് സമീപം സ്ഫോടക വസ്തുക്കൾ പിടികൂടി പോലീസ്. 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമാണ് പിടികൂടിയത്. ഈരാറ്റുപേട്ട നടക്കൽ സ്വദേശിയായ കണ്ടത്തിൽ ഷിബിലി (43) ആണ് പിടിയിലായത്. അനധികൃത പാറമടകളിലേക്ക് കൊണ്ടു പോയ സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. വണ്ടൻമേട് പോലീസാണ് പരിശോധന നടത്തിയത്. പുളിയൻമലയിൽ നിന്ന് നെടുങ്കണ്ടത്തേക്കുള്ള വഴിയിലായിരുന്നു പരിശോധന. ജീപ്പിലാണ് സ്ഫോടക വസ്തുക്കളുമായി ഷിബിലി എത്തിയത്.
കര്‍ണാടകയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ വാങ്ങിയതെന്നാണ് ഷിബിലി പോലീസിനോട് പറഞ്ഞത്. കര്‍ണാടകയില്‍ നിന്നെത്തിച്ച ശേഷം ഈരാറ്റപേട്ടയില്‍ സൂക്ഷിക്കും. പിന്നീട് ഇടുക്കിയിൽ പല ഭാഗങ്ങളിലായി വിതരണം ചെയ്യുന്നതായിരുന്നു ഷിബിലിയുടെ രീതി. അനകൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകൾക്ക് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ എത്തിക്കുന്നതെന്നും ഷിബിലി പറഞ്ഞു. എന്നാല്‍ ഇതല്ലാതെ എന്തെങ്കിലും ബന്ധം ഷിബിലിക്ക് ഉണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.