പാലക്കാട് : പോലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹന പരിശോധന നടത്തിയത് വിവാദമാകുന്നു. പാലക്കാട് കാടാങ്കോടാണ് സംഭവം. പോലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകര്‍ ഉൾപ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. സേവാഭാരതി പ്രവർത്തകർ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ്. ഇതാണ് വിവാദമായത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.
സേവനപ്രവർത്തനങ്ങൾക്ക് ഒരു സംഘടനയുടെയും യൂണിഫോം ഉപയോഗിക്കരുത് എന്ന ചട്ടം മറികടന്നെന്നാണ് ഇപ്പോൾ ഉയരുന്ന വാദം. പോലീസിന്റെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ ടി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു സേവാഭാരതി പ്രവർത്തകരുടെ പരിശോധന. യാത്രക്കാരിൽ നിന്ന് രേഖകൾ അടക്കം വാങ്ങി ഇവർ പരിശോധിച്ചു. പോലീസിന്റെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നാണ് ടി സിദ്ദിഖ് ആവശ്യപ്പെട്ടത്.