കൊച്ചി: നിരത്തുകളില്‍ സ്ഥാപിച്ച സ്പീഡ് കാമറയില്‍ പതിയുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകന്‍ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹർജിയിലാണ് നടപടി. മോട്ടോര്‍ വാഹന നിയമം പാലിക്കാതെ കേരളത്തില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. സിജു ഹൈക്കോടതിയെ സമീപിച്ചത്.
മോട്ടോര്‍ വാഹന നിയമപ്രകാരം നിരത്തുകളില്‍ ഓരോ വാഹനത്തിെന്റയും പരമാവധി വേഗത എത്രയെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. കേരളത്തില്‍ ഇത്തരം ബോര്‍ഡുകള്‍ കുറവാണ്. പരമാവധി വേഗതയെക്കുറിച്ച് അറിവില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാതകളില്‍ സ്ഥാപിച്ച സ്പീഡ് കാമറകളില്‍ പതിയുകയും പിന്നീട് അമിത വേഗതയിലുള്ള ഡ്രൈവിങ്ങിന് പിഴയീടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കുന്ന സാഹചര്യവുമാണുള്ളതെന്നും ഹൈക്കോടതിയോട് സിജു കമലാസനന്‍ പറഞ്ഞു.
മോട്ടോര്‍ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹർജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ചാണ് ജസ്റ്റിസ് രാജാ വിജയ രാഘവന്റെ ഇടക്കാല ഉത്തരവ്.