തിരുവനന്തപുരം : തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ ‘കുറുവ’യുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സംശയം നിരവധി ജില്ലകളില്‍ ഭീതി പടര്‍ത്തുകയാണ്. എന്നാല്‍, അവര്‍ സംസ്ഥാനത്ത് എത്തിയതിന് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കുറുവ സംഘത്തിന്റേതെന്ന് സംശയിക്കുന്ന നിരവധി കവര്‍ച്ചകളും മോഷണ ശ്രമങ്ങളും പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയ്ക്ക് പിന്നില്‍ കുറുവയാണ് എന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പിടിയിലാകാതിരിക്കാന്‍ കുറുവ സംഘത്തിന്റെ കുപ്രസിദ്ധി മുതലെടുക്കുന്ന പ്രാദേശിക മോഷ്ടാക്കളുടെ സംഘമാകാം ഈ കവര്‍ച്ചകള്‍ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
കഴിഞ്ഞ നവംബര്‍ 26 ന് കോട്ടയം അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ പുലര്‍ച്ചെ 2 മണിക്ക് അടിവസ്ത്രം മാത്രം ധരിച്ച് മാരകായുധങ്ങളുമായി മൂന്ന് പേര്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കുറുവ എന്ന പേരിലുള്ള സംഘം ആദ്യമായി സംസ്ഥാനത്ത് എത്തിയെന്ന അഭ്യൂഹം പരക്കാന്‍ തുടങ്ങിയത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ഈ മേഖലയില്‍ ഭീതി പരത്തുകയും ചെയ്തു. തുടര്‍ന്ന് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൃക്കേല്‍, മനയ്ക്കപ്പാടം പ്രദേശങ്ങളില്‍ അജ്ഞാത സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയിലെ അഞ്ച് വീടുകള്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ അതിരമ്പുഴയിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതുപോലെ മൂന്നു പേരുടെ ദൃശ്യങ്ങള്‍ തലയോലപ്പറമ്പ് ഭാഗത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതോടെ കുറുവ സംഘം കോട്ടയത്ത് എത്തിയെന്ന ആശങ്ക വ്യാപകമായി. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാത്രികാല പട്രോളിംഗ് നടത്തുന്നതിനായി പ്രദേശവാസികള്‍ ചെറുസംഘങ്ങളും രൂപീകരിച്ചിരുന്നു.