പത്തനംതിട്ട : കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ നടപടി കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണം. ഇതിനാല്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുകയോ വിലക്കുകള്‍ ലംഘിക്കുകയോ ചെയ്യരുത്. വീടുകളില്‍ കഴിയുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ഞായറാഴ്ച സമ്പൂര്‍ണ അടച്ചുപൂട്ടല്‍ എല്ലാവരും പാലിക്കണം. ആള്‍ക്കൂട്ടങ്ങളോ ഒത്തുചേരലുകളോ അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത്. നിബന്ധനകള്‍ ലംഘിച്ചാല്‍ ശക്തമായ നിയമനടപടികള്‍ തുടരും.
ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍
ജില്ലയില്‍ ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് വെള്ളി വൈകിട്ട് നാലു മുതല്‍ ശനി വൈകിട്ട് നാലു വരെ 181 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 193 പേരെ അറസ്റ്റ് ചെയ്യുകയും, 124 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മുഖാവരണം ഇല്ലാതെ പുറത്തിറങ്ങിയ 32 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു
അനധികൃതമായി പാറ ഉത്പന്നങ്ങള്‍ കടത്തിയ അഞ്ചു ടിപ്പറുകള്‍ പിടിച്ചു
പാറ, മെറ്റല്‍, പാറപ്പൊടി എന്നിവ അനധികൃതമായി കടത്തിയതിന് അഞ്ചു ടിപ്പറുകള്‍ പിടിച്ചെടുത്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വാറ്റ് ചാരായം പിടിച്ചു
രണ്ടു ലിറ്റര്‍ വാറ്റുചാരായം സ്‌കൂട്ടറില്‍ കൊണ്ടുപോകവേ വാഹനപരിശോധനയ്ക്കിടെ ഒരാളെ മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്.ബിജു പിടികൂടി. ആങ്ങമൂഴി ഏറ്റുപോങ്കില്‍ മത്തായിയാണ് (35)അറസ്റ്റിലായത്. ചാരായ നിര്‍മാണം, അനധികൃത കടത്ത് എന്നിവക്കെതിരെ റെയ്ഡുകളും പരിശോധനകളും ഊര്‍ജിതമാക്കി.
പാന്‍മസാല വില്‍പ്പനക്കാരനെ ക്വാറന്റീനിലാക്കി
പാന്‍മസാല വില്‍പ്പനക്കാരനെ മല്ലപ്പള്ളി എക്സൈസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചു. പാന്‍മസാല കച്ചവടം നടത്തിവന്ന മല്ലപ്പള്ളി കുന്നന്താനം പാറാങ്കല്‍ കോളനി സ്വദേശിയായ 85 വയസുകാരനെയാണ് ക്വാറന്റീനിലാക്കിയത്. വീട്ടിലും വീടിനോട് ചേര്‍ന്ന കടയിലും പാന്‍മസാല കച്ചവടം ചെയ്യുന്നതായി വിവരം ലഭിച്ചത് അനുസരിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പാന്‍മസാല പിടികൂടി കോട്പ നിയമ പ്രകാരം കേസ് എടുത്തു ഫൈന്‍ ഈടാക്കി. ഇയാളില്‍ നിന്നും ആകെ 63 പാക്കറ്റ് പാന്‍മസാല പിടികൂടി.