പത്തനംതിട്ട : പോലീസ് സ്റ്റേഷനുകളില്‍ ഇനി മുതല്‍ അഭിഭാഷകന്റെ സേവനവും. ജില്ലയിലെ 21 പോലീസ് സ്റ്റേഷനുകളില്‍ സേവനത്തിനെത്തുക 161 അഭിഭാഷകര്‍. വര്‍ധിച്ചു വരുന്ന പോലീസ് അതിക്രമ പരാതികള്‍ കുറയ്ക്കുന്നതിനും ഭയപ്പാട് ഇല്ലാതെ പൊതുജനങ്ങള്‍ക്ക് സ്റ്റേഷനുകളില്‍ എത്തുന്നതിന് അവസരം ഒരുക്കുന്നതിനും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്. നിയമ പരിജ്ഞാനം ഇല്ലാത്ത സാധാരണക്കാര്‍ സ്റ്റേഷനുകളില്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ സ്റ്റേഷനിലേക്ക് വിളിപ്പിച്ചാല്‍ അഭിഭാഷകന്റെ സേവനം അവര്‍ക്കു ലഭിക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ പാനലിലുള്ള അഭിഭാഷകരെയാണ് ഇതിനായി നിയോഗിച്ചത്.
പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകന്റെ ചുമതലകള്‍
1. ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്കു വിളിക്കുന്ന വ്യക്തിക്ക് എതിരായ ആരോപണങ്ങള്‍ വിലയിരുത്തണം.
2. ആരോപിക്കുന്ന കുറ്റവും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കാര്യവും വിശദീകരിക്കണം.
3. അയാള്‍ക്ക് എല്ലാ നിയമോപദേശവും സഹായവും നല്‍കണം.
4. സ്റ്റേഷനിലേക്ക് വിളിക്കുന്ന വ്യക്തിയെ പോലീസ് ഓഫീസര്‍ നിയമപരമായി ചോദ്യം ചെയ്യുന്നതില്‍ അഭിഭാഷകന്‍ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുത്.
5. അനാവശ്യമായും അടിസ്ഥാനവുമില്ലാതെയും അറസ്റ്റിനു പോലീസ് തയ്യാറായാല്‍ അഭിഭാഷകന്‍ ഇടപെട്ട് പോലീസിന് ഉചിതമായ നിയമവശങ്ങള്‍ വിശദീകരിച്ച് നല്‍കണം.
6. ഇക്കാര്യത്തില്‍ കേസിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയമത്തിന്റെ സ്ഥാനം പോലീസ് ഉദ്യോഗസ്ഥരുടെ മുന്‍പാകെ വിശദീകരിക്കണം.
7. സംശയിക്കുന്ന ആള്‍ വിദേശിയാണെങ്കില്‍, ഹൈക്കമ്മീഷന്‍, എംബസി , കോണ്‍സുലേറ്റ് എന്നിവടങ്ങളില്‍ വിവരം അറിയിക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കണം.
8. കേസില്‍ സംശയിക്കപ്പെടുന്ന ആള്‍ക്ക് ഭാഷ മനസ്സിലാകുന്നില്ലെങ്കില്‍ പരിഭാഷകനെ അഭിഭാഷകന്‍ ഏര്‍പ്പെടുത്തും. ഇതിന്റെ ചെലവുകള്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വഹിക്കും.
9. ചോദ്യം ചെയ്യലിനായി സ്ത്രീകളെ സ്റ്റേഷനിലോ അവരുടെ താമസ സ്ഥലത്തോ അല്ലാതെ മറ്റൊരു സ്ഥലത്തേക്കും വിളിച്ചിട്ടില്ലെന്ന് ഉറപ്പാക്കും.
10. കുട്ടികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെങ്കില്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നല്‍കിയിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അഭിഭാഷകന്‍ ആവശ്യമായ നടപടിസ്വീകരിക്കും.
11. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആള്‍ക്ക് സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം നേടുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.
12. അറസ്റ്റ് ചെയ്യപ്പെട്ട ആളിന്റെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വിവരം അറിയിക്കുന്നതിനു നടപടി കൈക്കൊള്ളണം.
13. അതത് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ അന്ന് തന്നെ ജില്ലാ ജഡ്ജി അധ്യക്ഷനായ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി മുന്‍പാകെ ബോധിപ്പിക്കണം.