പത്തനംതിട്ട : കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷനുകളിലെ സേവനം ഡിജിറ്റലായി അഭ്യര്‍ഥിക്കാന്‍ സംവിധാനം. പോലീസ് സ്റ്റേഷനുകളിലേക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം.
പോലീസ് സേവനങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിപ്രകാരം പരാതികള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷകള്‍ എന്നിവ ഇ-മെയില്‍, വാട്സാപ്പ്, ഫോണ്‍ തുടങ്ങിയവ മുഖേന നല്‍കാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ രസീത് നല്‍കി ഉടനടി നടപടി സ്വീകരിക്കും. കൈക്കൊണ്ട നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അപേക്ഷകരെ അറിയിക്കുകയും ചെയ്യും.
അതത് പോലീസ് സ്റ്റേഷനുകളിലെ ഇമെയില്‍ വിലാസം, വാട്സ്ആപ്പ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയ്ക്ക് പരമാവധി പ്രചാരണം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി.