അടൂർ : ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശമായ പള്ളിക്കൽ കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷൻ അനുവദിക്കും. പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് എ.ഐ.ജി പദംസിംഗ് സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞ മാസം റിപ്പോർട്ട് നൽകിയിരുന്നു. സർക്കാർ പുതിയ സ്റ്റേഷനുകൾ അനുവദിക്കുന്ന കൂട്ടത്തിൽ പള്ളിക്കലും ഉണ്ടാകുമെന്നാണ് സൂചന. പൊതുപ്രവർത്തകനായ പള്ളിക്കൽ ലക്ഷ്മിഭവനിൽ പി.രാമാനുജൻ കർത്ത മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമാണ് പള്ളിക്കൽ. താരതമ്യേന വിസ്തീർണവും ജനവാസവും കൂടിയ പഞ്ചായത്താണിത്. ജില്ലയിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്തുമാണ്. അടൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇപ്പോൾ. അടൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന ഏറെ കേസുകളും പരാതികളും പളളിക്കൽ പഞ്ചായത്തിൽ നിന്നാണ്. രാഷ്ട്രീയ സംഘർഷം, അനധികൃത മണ്ണ് കടത്തൽ, മോഷണങ്ങൾ തുടങ്ങിയവ പള്ളിക്കലിൽ പതിവാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ അടൂരിൽ നിന്ന് പോലീസ് എത്താൻ വൈകുന്നത് കുറ്റവാളികൾക്ക് രക്ഷയാകുന്നു. അക്രമ സംഭവങ്ങളിലെ പ്രതികൾ ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് സ്റ്റേഷൻ പരിധികളിലേക്ക് കടക്കുന്നതും കേസ് അന്വേഷണത്തിന് തടസമാകുന്നുണ്ട്. പുതിയ പോലീസ് സ്റ്റേഷൻ വരുന്നതോടെ പോലീസിന്റെ സേവനം കൂടുതൽ കാര്യക്ഷമമാകും.