കോഴിക്കോട്: വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ ആറുവിദ്യാർത്ഥികൾക്കെതിരേ കൊലക്കുറ്റമടക്കം ഒൻപത് വകുപ്പുകൾ ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ട കുട്ടികളും പത്താംക്ലാസ് വിദ്യാർത്ഥികളാണ്. പത്തുപേജുള്ള കുറ്റപത്രവും അനുബന്ധരേഖകളും സഹിതം 205 പേജുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. എഫ്‌ഐആറിൽ രണ്ടാമതായി പേര് ചേർക്കപ്പെട്ട കുട്ടിയുടെ പേരാണ് കുറ്റപത്രത്തിൽ ആദ്യത്തേതായുള്ളത്. 106 സാക്ഷികളാണ് പ്രോസിക്യൂഷന്റേതായുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഇൻസ്‌പെക്ടർ എ. സായൂജ് കുമാർ ശനിയാഴ്ച വൈകിട്ട് ആറരയോടെ ജില്ലാ കോടതി കോംപ്‌ളക്‌സിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ ജഡ്ജ് വി.എ. അരുണിമയുടെ ഓഫീസിലെത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
കൊലപാതകം, കലാപമുണ്ടാക്കാൻ സംഘംചേരൽ, ഗൂഢാലോചന, ആയുധമുപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, അന്യായമായി സംഘംചേരൽ, തടഞ്ഞുനിർത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. ഇതിനുപുറമേ മൂന്നുപേർക്കെതിരേ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതിനും മോട്ടോർവാഹന വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഹൈക്കോടതി ഈ കേസിലെ കുറ്റാരോപിതരുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കുറ്റപത്രം സമർപ്പിച്ചെന്ന റിപ്പോർട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ ഫയൽ ചെയ്യും. കേസ് രജിസ്റ്റർചെയ്ത് തൊണ്ണൂറുദിവസം തികയുന്നതും അന്നാണ്.
യാത്രയയപ്പ് ചടങ്ങിനിടെ വിദ്യാർത്ഥികൾ തമ്മിൽനടന്ന വാക്കേറ്റവും അതിനുപിന്നാലെ സാമൂഹികമാധ്യമങ്ങളിൽനടന്ന പോർവിളികളുമാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് (15) എന്ന എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ജീവനെടുത്ത സംഘർഷത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 27-ന് താമരശ്ശേരിയിൽനടന്ന വിദ്യാർത്ഥിസംഘർഷത്തിൽ മാരകപരിക്കേറ്റ ഷഹബാസ് മാർച്ച് ഒന്നിന് പുലർച്ചെയാണ് മരിക്കുന്നത്.