കൊച്ചി : കാക്കനാട് ഫ്ലാറ്റ് കൊലപാതക കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. കൊല്ലപ്പെട്ട സജീവും പ്രതി അർഷാദും തമ്മിൽ ലഹരി ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും അർഷാദിന് അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ടായിരുന്നതായും അദ്ദേഹം അറിയിച്ചു. ഇതിനിടെ പ്രതി അർഷാദ് കഞ്ചാവ് കേസിൽ അറസ്റ്റിലായിരുന്നു. അതിനാൽ കൊലപാതക കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല.
ഇന്ന് റിമാന്‍റ് ചെയ്യപ്പെടുന്ന പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കൊച്ചിയിലെ കോടതി വഴി നീക്കം നടത്താനാണ് പോലീസ് തീരുമാനം. കസ്റ്റഡിയിൽ കിട്ടിയാലുടൻ ചോദ്യം ചെയ്ത് അറസ്റ്റിലേക്ക് കടക്കും. വൈകാതെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കാനാകും എന്നാണ് പോലീസ് കരുതുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണയുടെ കൊലപാതകം പുറത്തറിയുന്നത്. കൊല ചെയ്ത ശേഷം മുങ്ങിയ പ്രതി അർഷാദിനെ ഇന്നലെയാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുന്നത്. ലഹരി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.