മുംബൈ: നഗരമധ്യത്തിലൂടെ സ്‌കൂട്ടറില്‍ കറങ്ങിനടന്ന് കുളിച്ച യൂട്യൂബറിനും യുവതിയ്ക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി പോലീസ്. മുംബൈ താനെയിലെ ഉല്‍ഹാസ്‌നഗര്‍ സിഗ്‌നലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് പോലീസ് നീക്കം. ആദര്‍ശ് ശുക്ല എന്ന യുട്യൂബറാണ് ഒരു യുവതിയ്‌ക്കൊപ്പം പരസ്യമായി വിവാദ കുളി നടത്തിയത്. സ്‌കൂട്ടര്‍ ഓടിക്കുന്നത് യുവാവാണ്. പിന്നില്‍ യുവതി ബക്കറ്റ് പിടിച്ചിരിക്കുന്നു. സിഗ്‌നല്‍ കാത്ത് കിടക്കുമ്പോള്‍ യുവതി ബക്കറ്റില്‍നിന്ന് വെള്ളം കോരി സ്വന്തം ദേഹത്തും യുവാവിന്റെ ദേഹത്തും ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സിഗ്‌നല്‍ മാറി വണ്ടി ഓടുമ്പോഴും ഇവര്‍ കുളി തുടരുകയാണ്. തിരക്കുള്ള റോഡിലായിരുന്നു ഇവരുടെ അഭ്യാസം. ദൃശ്യങ്ങള്‍ വൈറലായതോടെ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തുവന്നു. ഇതേ തുടര്‍ന്നാണ് വേണ്ട നടപടിയെടുക്കാന്‍ ട്രാഫിക്ക് പോലീസിന് നിര്‍ദ്ദേശം ലഭിച്ചത്. ഇതിനിടെ, ട്രാഫിക് നിയമം ലംഘിച്ചതിന് ആദര്‍ശ് ശുക്ല ക്ഷമാപണം നടത്തി. ഹെല്‍മറ്റ് ധരിക്കാത്തതും ട്രാഫിക് നിയമം പാലിക്കാത്തതും തെറ്റായിപ്പോയെന്ന് ഇയാള്‍ പറഞ്ഞു. ഇതിന് പിഴ അടയ്ക്കുമെന്നും തന്റെ ഫോളോവേഴ്‌സ് ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കണമെന്നും ശുക്ല ആവശ്യപ്പെട്ടു.