ബംഗളുരു : ഹെൽമറ്റ് വെയ്ക്കാത്തതിന് സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത പോലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു. പിടിവലിക്കൊടുവിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലാണ് സംഭവം. സയ്യദ് റാഫി എന്ന 28 വയസുകാരനാണ് അറസ്റ്റിലായത്.
പോലീസുകാരും യുവാവും തമ്മിലുള്ള പിടിവലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിൽസൺ ഗാർഡൻ ടെൻത് ക്രോസിലൂടെ ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചിരുന്ന യുവാവിനെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. സ്കൂട്ടർ നിർത്തിയതും ഒരു പൊലീസ് കോൺസ്റ്റബിൾ സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു. ഒപ്പമുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ സിദ്ധരാമേശ്വര യുവാവ് നടത്തിയ നിയമലംഘനം ക്യാമറയിൽ പകര്‍ത്താൻ ആരംഭിച്ചു.
ഈ സമയം യുവാവ് പോലീസുകാരെ ചോദ്യം ചെയ്യുന്നതും അവരോട് തട്ടിക്കയറുന്നചും വീഡിയോ ക്ലിപ്പിൽ കാണാം. പൊലീസുകാരൻ പിടിച്ചെടുത്ത വണ്ടിയുടെ താക്കോൽ തിരികെ വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കോൺസ്റ്റബിളിന്റെ കൈയിൽ കടിക്കുന്നത്. ആശുപത്രിയിൽ പോകാനായി തിടുക്കത്തിൽ ഇറങ്ങിയതാണെന്നും ഹെൽമറ്റ് ധരിക്കാൻ മറന്നുപോയെന്നും യുവാവ് പറയുന്നത് വീഡിയോ ക്ലിപ്പിൽ കേൾക്കാം. പോലീസുകാരൻ ചിത്രീകരിക്കുന്ന വീഡിയോ ക്ലിപ്പ് വൈറലായാലും തനിക്ക് ഒന്നുമില്ലെന്നും ഇയാൾ പറയുന്നു. ഇതിനിടെ താക്കോൽ പിടിച്ചുവാങ്ങിയ ഇയാള്‍ വാഹനം എടുക്കാൻ ശ്രമിക്കുന്നുണ്ട്.