കോന്നി: നൗഷാദ് തിരോധാന കേസില്‍ അഫ്സാന പോലീസില്‍ നിന്നും നേരിട്ടത് ക്രൂരമായ പീഡനങ്ങള്‍. നൗഷാദിനെ വകവരുത്തി എന്ന് സമ്മതിക്കാന്‍ അഫ്സാന നേരിട്ടത് പോലീസിന്റെ മൂന്നാം മുറ. പോലീസ് മൂന്നാം മുറ എന്ന് കേട്ടിട്ടുണ്ടെന്നും എന്നാല്‍ അത് ജീവിതത്തിലും താന്‍ അനുഭവിച്ചു എന്നും അഫ്സാന പറയുന്നു. ബുധനാഴ്ച്ച പോലീസ് കസ്റ്റഡിയില്‍ എടുത്ത് അഫ്സാനയെ വ്യാഴാഴ്ചയാണ് പോലീസ് തെളിവെടുപ്പിനായി കൊണ്ടുപോയത്. പോലീസ് സ്റ്റേഷനില്‍ കുട്ടികളുടെ കൗണ്‍സിലിങ് നടത്തുന്ന മുറിയില്‍ സി സി റ്റി വി ക്യാമറ ഇല്ലാതിരുന്ന ഭാഗത്ത് വെച്ച് പോലീസ് അതിക്രൂരമായി മര്‍ദിച്ചതായാണ് അഫ്സാന പറയുന്നത്. കൈചുരുട്ടി മുഖത്തിന് ആഞ്ഞ് ഇടിച്ചിട്ടുണ്ടെന്നും ഡി വൈ എസ് പി അടക്കം ഉള്ള ഉദ്യോഗസ്ഥര്‍ തന്നെ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ടെന്നും അഫ്സാന വെളിപ്പെടുത്തി.
ഡി വൈ എസ് പി യാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. കണ്ടാല്‍ തിരിച്ചറിയുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചിട്ടുണ്ട്. അഫ്സാനയുടെ സ്ഥലത്ത് ഇല്ലാത്ത അച്ഛനെയും പോലീസ് പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചു. പോലീസ് പരിശോധന നടത്തിയപ്പോള്‍ താന്‍ കാണിച്ച് കൊടുത്തല്ല ഓരോ ഭാഗങ്ങളും കുഴിച്ച് നോക്കിയത്. അവര്‍ സ്വമേധയാ കുഴിച്ച് നോക്കുകയായിരുന്നെന്നും അഫ്സാന ആരോപിക്കുന്നു. പോലീസിന് ഒപ്പം നടക്കുക മാത്രമാണ് താന്‍ ചെയ്തത്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ നിരവധി പീഡനങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതായും കുടുംബത്തിന് ഇത് അപകീര്‍ത്തി ഉണ്ടാക്കിയതായും അഫ്സാന പറയുന്നു. തന്നെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് നൗഷാദ് പുറം ലോകത്ത് എത്തിയത് എന്നും ഇതില്‍ കൂടുതല്‍ ദുരൂഹത ഒളിഞ്ഞിരിക്കുന്നതായും അഫ്സാന പറയുന്നു.