ചെന്നൈ : തമിഴ്‌നാട് തിരുച്ചിയില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. നവല്‍പേട്ട് സ്റ്റേഷനിലെ എസ്‌ഐ ഭൂമിനാഥന്‍ ആണ് കൊല്ലപ്പെട്ടത്. പശുവിനെ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് കൊലപാതകം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു ഭൂമിനാഥന്‍. പശുവിനെ മോഷ്ടിക്കാനായി മൂന്ന് ബൈക്കുകളിലായി വന്ന അഞ്ചംഗ സംഘത്തെ തടയാന്‍ ശ്രമിച്ചതോടെ പ്രതികള്‍ വാഹനം നിര്‍ത്താതെ പോയി. ഇവരെ പിന്തുടര്‍ന്ന എസ്‌ഐ, രണ്ടുപേരെ പിടികൂടി. തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും സംഘം എസ്‌ഐയെ ആക്രമിക്കുകയായിരുന്നു.
പുതുക്കോട്ടെ തൃച്ചി റോഡില്‍ പല്ലത്തുപെട്ടി കലമാവൂര്‍ റെയില്‍വേ ഗേറ്റിനുസമീപമാണ് സംഭവം നടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ നടന്ന സംഭവം രാവിലെ അഞ്ചുമണിക്ക് നടക്കാനിറങ്ങിയ ആളുകളാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.