തിരുവനന്തപുരം: സർക്കാരിനോട് കലഹിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നയപ്രഖ്യാപനം ‘ശ്ലോകത്തിൽ ഒതുക്കിയപ്പോൾ’ പിറന്നത് റെക്കോഡ്. കേരളനിയമസഭയുടെ ചരിത്രത്തിലെ ഏറ്റവുംചെറിയ നയപ്രഖ്യാപനപ്രസംഗമാണ് വ്യാഴാഴ്ച നടന്നത്-വെറും 1.24 മിനിറ്റ്. മുൻവർഷങ്ങളിൽ 1.12 മുതൽ 2.05 മണിക്കൂർവരെ പ്രസംഗിച്ചിട്ടുണ്ട് അദ്ദേഹം. ജ്യോതി വെങ്കിടാചലത്തിന്റെ റെക്കോഡാണ് ആരിഫ് മുഹമ്മദ്ഖാൻ തകർത്തത്. 1982 ജനുവരി ഒന്നിന് അവർ നാലുമിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ചു.
ഗവർണറെ പ്രസംഗിക്കാൻ അനുവദിക്കാതെ പ്രതിപക്ഷം നിരന്തരം ബഹളമുണ്ടാക്കിയതാണ് ചുരുക്കാൻ കാരണം. സ്പീക്കറുടെ കാസ്റ്റിങ് വോട്ടിൽ നിലനിന്ന കെ. കരുണാകരൻ മന്ത്രിസഭയുടെ കാലമായിരുന്നു അന്ന്.ഈ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്താനുള്ള പ്രമേയത്തിന്മേൽനടന്ന ചർച്ചയും ചരിത്രമായി. സ്പീക്കറായിരുന്ന എ.സി. ജോസിന് ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം നിലനിർത്താൻ ചർച്ചയ്ക്കിടയിൽ ഏഴുതവണയാണ് കാസ്റ്റിങ് വോട്ട് ചെയ്യേണ്ടിവന്നത്.