തിരുവനന്തപുരം : രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞുനിന്ന പ്രചാരണത്തിന് ഒടുവില്‍ ജനം പോളിംഗ് ബൂത്തിലേക്ക് ഒഴുകുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയാവുന്നത്. കത്തുന്ന വേനല്‍ചൂടും, കൊവിഡ് ഭീഷണിയും വക വയ്ക്കാതെയാണ് പോളിംഗിന് ജനം ഉത്സാഹം കാട്ടുന്നത്. നാലുമണിവരെയുള്ള കണക്ക് പ്രകാരം അറുപത് ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മിക്ക ബൂത്തുകളിലും ജനം വോട്ട് ചെയ്യാനായി ക്യൂനില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോഴും കാണാനുള്ളത്. രാവിലെ കനത്ത പോളിംഗ് നടന്ന മിക്കയിടങ്ങളിലും ഉച്ച കഴിഞ്ഞതോടെ പോളിംഗ് മന്ദഗതിയിലായിരുന്നു. എന്നാല്‍ ഉച്ചവെയില്‍ താഴ്ന്നതോടെ ജനം കൂട്ടമായി എത്തുന്ന കാഴ്ചയാണ് കാണാനാവുന്നത്.
കേരളത്തില്‍ നൂറ്റിനാല്‍പ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിനിര്‍ണയിക്കുന്നത്. ഇവര്‍ക്കായി 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കുന്നുള്ളു. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
ജില്ലാടിസ്ഥാനത്തില്‍ പോളിംഗ് നാല് മണിവരെ
തിരുവനന്തപുരം 55.2
കൊല്ലം 57.7
പത്തനംതിട്ട 56.6
ആലപ്പുഴ 60.2
കോട്ടയം 53.5
ഇടുക്കി 55.6
എറണാകുളം 62.7
തൃശൂര്‍ 61.3
പാലക്കാട് 62.9
മലപ്പുറം 57.8
കോഴിക്കോട് 65.2
വയനാട് 60
കണ്ണൂര്‍ 64.6
കാസര്‍കോട് 60.7
രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്ബര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ത്രികോണമത്സരത്തിന് സമാനമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത പോളിംഗാണുള്ളത്.
പോളിംഗ് ദിവസത്തിലും ശബരിമല വിഷയം കത്തി നിന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം നടത്തിയ പ്രസ്താവനയാണ് ഇതിന് പിന്നില്‍. പിന്നാലെ യുഡിഎഫ് നേതാക്കള്‍ പതിവില്‍ നിന്നും വിഭിന്നമായി കടുത്ത ഭാഷയില്‍ ഈ വിഷയത്തില്‍ പ്രതികരണങ്ങള്‍ നടത്തുകയായിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ സംഘര്‍ഷങ്ങളുണ്ടായി, കള്ളവോട്ട് തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ചിലയിടങ്ങളില്‍ തര്‍ക്കങ്ങളുണ്ടായത്. ചില സ്ഥലങ്ങളില്‍ വോട്ടിംഗ് മെഷീനിലെ തകരാറും പോളിംഗ് തടസപ്പെടാന്‍ കാരണമായി.