ആലപ്പുഴ : ആലപ്പുഴയിലെ രണ്ട് രാഷ്ടീയ കൊലപാതകങ്ങളിലും കൊന്നവരെ പിടികൂടാനാകാതെ പോലീസ്. ഇതുവരെ പിടിയിലായവര്‍ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് സംഭവങ്ങളിലും ഉന്നതതല ഗൂഢാലോചന നടന്നെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ബിജെപി നേതാവ് രൺജിത്തിന്റെ കൊലപാതകകേസിൽ പിടിയിലായവർ എസ്ഡിപിഐ പ്രവർത്തകരാണെന്നും അദ്ദേഹം അറിയിച്ചു. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതക ങ്ങൾ നടന്ന് നാലു ദിവസമായിട്ടും കൃത്യം നടത്തിയവർ ഇതുവരെ പിടിയിലായിട്ടില്ല. അതേ സമയം ബിജെപി നേതാവ് രൺജിത് വധക്കേസിൽ അറസ്റ്റിലായ അഞ്ചു പേരും എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ കൃത്യംനടത്തിയവർക്ക് വേണ്ട സഹായങ്ങൾ നൽകിയവരാണ്.നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. രണ്ടു കൊലപാതകങ്ങളിലും ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു
കസ്റ്റഡിയിൽ ഉള്ള എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു എന്ന ആരോപണം തെളിയിച്ചാൽ രാജിവെക്കാൻ തയ്യാറെന്ന് വിജയ് സാഖറെ പറഞ്ഞു. രൺജിത് വധക്കേസിൽ കസ്റ്റഡിയിലെടുത്ത നാലു ബൈക്കുകളിൽ രണ്ടെണ്ണം കുറ്റകൃത്യത്തിന് എത്തിയവർ ഉപയോഗിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിൽ വാങ്ങി ആർഎസ്എസ് ജില്ലാ കാര്യാലയം അടക്കമുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പിനെത്തിക്കും. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി റെയ്ഡ് നടക്കുന്നുണ്ട്. രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് വൈകാതെ ഉണ്ടാകും എന്നാണ് പോലീസ് നൽകുന്ന സൂചന.