തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് 21 കോടി രൂപ വിലവരുന്ന ഹെറോയിന്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആകെ 21 കിലോ ഹെറോയിനാണ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച 150 ഗ്രാം ഹെറോയിനുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മയക്കുമരുന്ന് കണ്ടെടുത്തത്. പിടിയിലായവരില്‍ മൂന്നുപേര്‍ തരുവായിക്കുളം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണെന്ന് പോലീസ് പറഞ്ഞു. മറ്റുമൂന്ന് പ്രതികള്‍ തൂത്തുക്കുടി സ്വദേശികളാണ്. ഹെറോയിന്‍ കടലില്‍നിന്ന് ലഭിച്ചതാണെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. ഈ വര്‍ഷമാദ്യം, മിനിക്കോയ് ദ്വീപിനോട് ചേര്‍ന്ന് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കടലില്‍ ഒഴുകിനടക്കുന്ന ഒരു പെട്ടി മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. 30 കിലോയോളം ഭാരമുണ്ടായിരുന്ന പെട്ടിയില്‍ ഒരു കിലോ വീതമുള്ള പാക്കറ്റുകളിലായാണ് മയക്കുമരുന്ന് ഉണ്ടായിരുന്നത്. ഇതിന്റെ യഥാര്‍ഥമൂല്യം അറിയാത്തതിനാല്‍ കിലോയ്ക്ക് ഒന്നരലക്ഷം രൂപ ഈടാക്കിയാണ് വില്‍പന നടത്തിവന്നിരുന്നതെന്നും മത്സ്യത്തൊഴി ലാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ മൊഴി ശരിയാണെന്നാണ് പോലീസിന്റെയും നിഗമനം. കടലില്‍ പരിശോധന ഉണ്ടായാല്‍ ലഹരിക്കടത്തുകാര്‍ മയക്കുമരുന്നുകള്‍ ഉപേക്ഷിക്കാറുണ്ട്. ഒരുപക്ഷേ, ഏതെങ്കിലും ലഹരിക്കടത്ത് സംഘം ഇത്തരത്തില്‍ ഉപേക്ഷിച്ച മയക്കുമരുന്നാകും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. പിടിയിലായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം അന്നേദിവസം ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരും കടലില്‍നിന്ന് ഒരു പെട്ടി ലഭിച്ചിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ആള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ എന്‍.ഡി.പി.എസ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.